Skip to main content

മീസില്‍സ്-റുബെല്ല നിവാരണം: പ്രതിരോധ കുത്തിവെപ്പ് യജ്ഞം പുരോഗമിക്കുന്നു

2026 ഡിസംബറോടെ മീസില്‍സും റുബെല്ലയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മെയ് 1 മുതല്‍ 31 വരെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന മീസില്‍സ്-റുബെല്ല നിവാരണ യജ്ഞം പുരോഗമിക്കുന്നു. വയറിളക്കം, എന്‍സഫലൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും മരണത്തിനുവരെയും കാരണമായേക്കാവുന്ന ഏറെ രോഗപകര്‍ച്ചാ സാധ്യതയുള്ള വൈറസ് രോഗങ്ങളാണ് മീസില്‍സും റുബെല്ലയും.

സാര്‍വത്രിക ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി എംആര്‍ വാക്‌സിന്റെ 2 ഡോസുകളാണ് കട്ടികള്‍ക്ക് നല്‍കുന്നത്. ആദ്യ ഡോസ് 9 മുതല്‍ 12 മാസം വരെയും രണ്ടാമത്തേത് 16 മുതല്‍ 24 മാസം വരെയും പ്രായത്തിലാണ് നല്‍കുക. രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായാല്‍ ഫലപ്രദമായ പ്രതിരോധം സാധ്യമാകും.

കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി എം ആര്‍ വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കൊപ്പം മറ്റു വാക്‌സിനുകളും സമയബന്ധിതമായി നല്‍കുക, ഊര്‍ജിത സര്‍വെയലന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുക, പൊതുജനാവബോധം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയിലാണ് ക്യാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബന്ധപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളെയും ക്യാമ്പയിന്റെ ഭാഗമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

മീസില്‍സ്-റുബെല്ല നിവാരണ ലക്ഷ്യം കൈവരിക്കുന്നതിനായി വാക്‌സിനേഷന്‍ കവറേജ് കുറവായ പ്രദേശങ്ങള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, രോഗസാധ്യത കൂടിയ പ്രദേശങ്ങള്‍, വാക്‌സിനേഷന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരുള്ള പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബ്ലോക്ക് തലത്തിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പയിന്‍ ശക്തിപ്പെടുത്തും.

നാല് ഘട്ടങ്ങളായാണ് ക്യാമ്പയിന്‍ നടക്കുന്നത്. ആദ്യ ഡോസ് എടുക്കാന്‍ യോഗ്യരായിട്ടും എടുത്തിട്ടില്ലാത്ത കുട്ടികള്‍, രണ്ടാമത്തെ ഡോസ് എടുക്കാന്‍ യോഗ്യരായിട്ടും എടുത്തിട്ടില്ലാത്ത കുട്ടികള്‍, രണ്ടു ഡോസും എടുക്കാന്‍ യോഗ്യരായിട്ടും രണ്ടും എടുത്തിട്ടില്ലാത്ത കുട്ടികള്‍, ഒരു വാക്‌സിനും എടുത്തിട്ടില്ലാത്ത കുട്ടികള്‍, ഭാഗികമായി മാത്രം ഏതെങ്കിലും വാക്‌സിന്‍ എടുത്ത കുട്ടികള്‍ എന്നിങ്ങനെ പട്ടിക തയാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മേയ് 19 മുതല്‍ 27 വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും.

ഇന്റര്‍സെക്ടര്‍ യോഗങ്ങള്‍, സ്വകാര്യ ആശുപത്രികളുമായുള്ള യോഗങ്ങള്‍, വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്ന രക്ഷിതാക്കളുടെ വീടുകളില്‍ പ്രത്യേക സന്ദര്‍ശനം, ആദിവാസി മേഖലകളിലും എത്തിച്ചേരാന്‍ പ്രയാസമുള്ള ദുര്‍ഘട മേഖലകളിലും പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എന്നിവ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

date