മഴക്കാല മുന്നൊരുക്കം: ജില്ലയിൽ 394 ക്യാമ്പുകൾ സജ്ജം: ജില്ലാ കളക്ടർ
പ്രകൃതിക്ഷോഭം മൂലം അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള 394 ക്യാമ്പുകൾ ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകളും ഒരുക്കങ്ങളും വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസർമാരും ഒരുമിച്ച് പ്രവർത്തിക്കണം. പഞ്ചായത്തുതല ദുരന്തനിവാരണ കമ്മിറ്റികൾ മുൻകൂട്ടി വിളിച്ചുചേർത്ത് ഒരോ പഞ്ചായത്തുകളിലെയും സാഹചര്യം വിലയിരുത്തണം. സർക്കാർ സംവിധാനങ്ങൾ വഴി ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത് നടപടി സ്വീകരിക്കും. ഒന്നര മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ ശേഖരമുള്ളതായി സപ്ലൈകോ അറിയിച്ചു.
ദേശീയപാത നിർമ്മാണം നടക്കുന്ന സാഹചര്യത്തില്‍ കാനകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കോഴുകി വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ പ്രാദേശിക നീരൊഴുക്കു ചാലുകളുമായി ഇവയെ ബന്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും. പിഡബ്ല്യുഡി റോഡുകളുടെ വശങ്ങളിലെ കാനകള്‍ വൃത്തിയാക്കി നീരൊഴുക്ക് പരിശോധിക്കും. ഓരുമുട്ടുകൾ മഴക്കാലത്തിനു മുന്നോടിയായി നീക്കം ചെയ്യും. പാലങ്ങളുടെ കീഴിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്നുകൾ ആരോഗ്യകേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴക്കാലത്ത് തുറസായ സ്ഥലങ്ങളിൽ സൂക്ഷിക്കരുത്. മഴക്കാലത്തിനു മുൻപേ പൊതുസ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയോ ശിഖരങ്ങൾ വെട്ടിമാറ്റി സുരക്ഷിതമാക്കുകയോ ചെയ്യണം. ജില്ലാ കളക്ടർ സന്ദർശിച്ച് ഇത് വിലയിരുത്തും. മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകളില്‍ ആവശ്യമായ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി വെള്ളത്തിൻ്റെ സാമ്പിൾ പരിശോധിക്കും. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് അടിയന്തര ഘട്ടത്തിൽ അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും തീറ്റ ഉറപ്പുവരുത്താനും മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം. യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1383)
- Log in to post comments