സഹമിത്ര: ജില്ലയിൽ ഭിന്നശേഷി നിർണ്ണയ ക്യാമ്പുകൾ വിപുലമായി നടത്തും
ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹിക സുരക്ഷ മിഷൻ്റെയും സാമൂഹികനീതി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായ ഭിന്നശേഷി നിർണ്ണയ ക്യാമ്പുകൾ ജില്ലയിൽ വിപുലമായി നടത്തും. ഇതിനകം കോഴിക്കോട്, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലായി എട്ട് ക്യാമ്പുകളാണ് പൂർത്തിയാക്കിയത്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലയിലെ ക്യാമ്പുകൾ വൈകാതെ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ശേഷിക്കുന്ന മുഴുവൻ അപേക്ഷകളും വ്യക്തിഗത ശ്രദ്ധ നൽകി തടസ്സങ്ങൾ നീക്കി നടപടികൾ വേഗത്തിലാക്കാൻ കലക്ടർ നിർദ്ദേശിച്ചു.
ഭിന്നശേഷി നിർണ്ണയത്തിന് മുന്നോടിയായി പൂർത്തിയാക്കേണ്ട പരിശോധനകൾ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പിന്തുണയിൽ വരുംദിവസങ്ങളിൽ പൂർത്തിയാക്കും.
അങ്കണവാടി ടീച്ചർമാർ മുഖേന ഗൃഹസന്ദർശനങ്ങളിലൂടെ ശേഖരിച്ച് ജില്ലയിലെ വിവിധ കോളേജുകളുടെ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയൽ കാർഡിന്(യു ഡി ഐഡി) ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി ഭിന്നശേഷി നിർണയമാണ് ഇതിലൂടെ നിർവഹിക്കുന്നത്.
ഭിന്നശേഷിക്കാരുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂർത്തിയാക്കുക, അനുകൂലമായ സാമൂഹികാന്തരീക്ഷം വളർത്തിയെടുക്കുക, സർക്കാർ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങൾ സാധ്യമാക്കുക തുടങ്ങിയ കർമ്മപരിപാടികൾ ഉൾപ്പെടുത്തിയതാണ് സഹമിത്ര പദ്ധതി. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ യോജിച്ച ശ്രമത്തിൽ വരും മാസങ്ങളോടെ ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. വി ആർ ലതിക, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത്കുമാർ, സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർ ഡോ. പിസി സൗമ്യ, ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ്, ഡോ. റോഷൻ ബിജ്ലീ, ഡോ. പിവി ഗോപിരാജ്, സുജ മാത്യു, ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ അജിഷ എൻഎസ്, ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments