സ്ത്രീകൾ തൊഴിൽശക്തിയുടെ ഭാഗമാകുന്നത് സാമൂഹ്യശ്രേണിയിൽ മാറ്റങ്ങൾ കൊണ്ടുവരും: ഡോ. തോമസ് ഐസക്
സ്ത്രീകളെ തൊഴിൽശക്തിയുടെ ഭാഗമാകുന്നത് സമൂഹത്തിൽ ഗുണപരമായ പരിവർത്തനങ്ങൾ കൊണ്ടുവരുമെന്ന് വിജ്ഞാനകേരളം സംസ്ഥാന അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വിജ്ഞാനകേരളം മെഗാ തൊഴിൽ മേളയുടെ ഭാഗമായി സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തൊഴിൽ മേഖലകളിൽ സ്ത്രീകളെ പുരുഷ തൊഴിലാളികൾക്കൊപ്പം കണക്കാക്കാറില്ല. തൊഴിൽ പങ്കാളിത്ത നിരക്കിൽ സ്ത്രീകൾ വളരെ പിന്നിലാണ്. ജോലി സ്ഥലം, നൈപുണ്യത്തിന്റെ അഭാവം, സാമൂഹ്യപിന്തുണയില്ലായ്മ എന്നിവയാണ് ഇതിനു കാരണം. എന്നാൽ സംസ്ഥാനം വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ തൊഴിൽ ശക്തിയുടെ ഭാഗമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെ അതിഥി തൊഴിലാളികളെ മാത്രം ആശ്രയിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരാനാകും. ഒപ്പം, സ്ത്രീകൾ തൊഴിലിടങ്ങളിലേക്ക് കൂടുതൽ കടന്നു വരുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷം തന്നെ മാറും. കണ്ണൂർ ജില്ലയിൽ ഈ പദ്ധതിക്ക് വിജ്ഞാന കേരളം തുടക്കമിടുകയാണ്. 10000 സ്ത്രീകളെ മെഗാ ജോബ് മേളയുടെ കണ്ടെത്തി അവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി തൊഴിലിലേക്ക് കൊണ്ടുപോകും. തൊഴിലുകളെ തരംതിരിക്കുന്ന രീതിയിൽ തന്നെ ഇത് മാറ്റം കൊണ്ടുവരുമെന്നും ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.
നൈപുണ്യ വിടവുകൾ നികത്തുക, അർഥവത്തായ തൊഴിൽ ഉറപ്പാക്കുക, കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുക, അവസരങ്ങൾ നൽകി യുവാക്കളെയും സ്ത്രീകളെയും സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ വിജ്ഞാനകേരളത്തിന്റെ ഭാഗമായി മെഗാ തൊഴിൽമേള ജൂൺ 21ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ നടക്കും. ഇതിന്റെ മുന്നോടിയായാണ് തൊഴിൽദാതാക്കളുമായുള്ള മുഖാമുഖം സംഘടിപ്പിച്ചത്. തൊഴിൽ മേളയിൽ 20000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. വെസ്റ്റേൺ ഇന്ത്യ ഗ്രൂപ്പ് എംഡി. പികെ മായൻ മുഹമ്മദ്, കേരള ദിനേശ് ചെയർമാൻ ദിനേശ് ബാബു, മരിയൽ അപ്പാരൽ, റബ്കോ, മലബാർ ഗോൾഡ്, ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അറുപതിലധികം സംരംഭകർ മുഖാമുഖത്തിൽ പങ്കെടുത്തു. മുഖാമുഖത്തിൽ 5000 തൊഴിലവസരങ്ങൾ വിവിധ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്തു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ അരുൺ കെ വിജയൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം സുർജിത്ത്, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, വ്യവസായ വകുപ്പ് ജനറൽ മാനേജർ അജിമോൻ കെ എസ്, കെഡിസ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ബിനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ അനൂപ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments