Skip to main content

പൊതുവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിന് മാതൃക : മന്ത്രി ജി ആര്‍ അനില്‍

പൊതുവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്നും നമ്മുടെ നാട് മറ്റെന്തിനെക്കാളും പ്രാധാന്യം വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്നുണ്ടെന്നും  ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേശവദാസപുരം പെന്‍ഷന്‍ ഭവനില്‍ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച 10, 12 ക്ലാസിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇന്ന് കാണുന്ന സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസരംഗത്തെ മികവുകൊണ്ടാണെന്നും സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസത്തിലൂടെ പഠിക്കാന്‍ സ്‌കൂളില്‍ പോകേണ്ട ഒരു വിദ്യാര്‍ഥി പഠനം ഉപേക്ഷിച്ച് അലഞ്ഞു നടക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കുന്നില്ല. നമ്മുടെ നാട് പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരത്തിനും അടിമപ്പെട്ടിരുന്നു. എന്നാല്‍ ശരിയായ വിദ്യാഭ്യാസം നല്‍കുന്നതു വഴി ഈ അനാചാരങ്ങളെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വൈബിന്റെ പ്രോജക്ടായ വൈബ് ടാലന്റ്സിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ ഭാഗമായി എന്‍.എസ്.എസ് നാഷണല്‍ ട്രെയ്‌നറായ ബ്രഹ്മനായകം മഹാദേവന്‍ ലൈഫ് സ്‌കില്‍ ട്രെയ്നിംഗും ക്ലാസും സംഘടിപ്പിച്ചു.

വി. കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേശവദാസപുരം വാര്‍ഡ് കൗണ്‍സിലര്‍ അംശു വാമദേവന്‍,  വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date