പത്രപ്രവർത്തക ക്ഷേമസംരംഭം മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയൻ
ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു
കേരള പത്രപ്രവർത്തക യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എറണാകുളം ടിഡിഎം ഹാളിൽ കെയുഡബ്ള്യൂജെ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി അവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്. സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, രോഗം മൂലം ജോലിയിൽ തുടരാൻ സാധിക്കാതെ വരുന്നവർക്ക് മൂന്ന് ലക്ഷം രൂപയും നൽകുന്ന വിധമാണ് തുക ക്രമീകരിച്ചിരിക്കുന്നത്.
വിരമിക്കുന്ന മാധ്യമപ്രവർത്തകരെയും കരുതലോടെയാണ് പരിഗണിച്ചിട്ടുള്ളത്. 65 വയസ്സ് വരെയുള്ള മാധ്യമപ്രവർത്തകരെ അസോസിയേറ്റ് അംഗമായി നിലനിർത്തുകയും നിശ്ചിതഘട്ടത്തിൽ അവർക്ക് ഫണ്ടിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപയാണ് വെൽഫെയർ ഫണ്ടിൽ നിന്നും നൽകുന്നത്.
മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് കവറേജ്, മാധ്യമപ്രവർത്തകരുടെ അടുത്ത ആശ്രിതരുടെ അടിയന്തിര ദുരന്ത ഘട്ടങ്ങളിൽ സഹായം, മാധ്യമപ്രവർത്തകരുടെ അക്കാദമികവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, കലാസാഹിത്യ സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഇത്തരത്തിൽ വിപുലമായ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
ഒരു വർഷത്തിനിടയിൽ നൂറോളം മാധ്യമപ്രവർത്തകരാണ് സേവന കാലാവധി ഔദ്യോഗികമായി പൂർത്തിയാക്കി വിരമിക്കുന്നത്. അവരുടെ സേവനം സ്വന്തം സ്ഥാപനങ്ങൾക്ക് മാത്രമല്ല സമൂഹത്തിന് തന്നെ വലിയ സംഭാവനയാണ് നൽകിയത്. ചിലർ തൊഴിലാളി ക്ഷേമരംഗത്തും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അംഗീകരിക്കും വിധം സംസ്ഥാനതലത്തിൽ വിപുലമായ രീതിയിൽ സൗഹൃദ സംഗമം ഒരുക്കാൻ പത്രപ്രവർത്തകൻ യൂണിയൻ തീരുമാനിച്ചത് ഉചിതമായ നടപടിയാണ്. മാധ്യമ രംഗത്തേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് വാർത്ത വിന്യാസത്തിന്റെ രൂപഭാവങ്ങളെ കുറിച്ചും മറ്റും പരിശീലിപ്പിക്കാൻ കെയുഡബ്ലിയുജെ ഇവരുടെ സേവനം നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ അനുഭവ വിജ്ഞാന ശേഖരം പുതുതലമുറയ്ക്ക് നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റെ കാവൽ സംവിധാനം എന്നൊക്കെ എല്ലാവരും വിശേഷിപ്പിക്കുമെങ്കിലും തൊഴിൽ സമൂഹം എന്ന നിലയിൽ മാധ്യമപ്രവർത്തകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ തുടരെ താഴോട്ട് പോകുന്ന ഇന്ത്യയിൽ ആ രംഗത്തെ ജീവനക്കാരുടെ തൊഴിൽ അവകാശങ്ങളുടെ കാര്യത്തിലും കുത്തനെയുള്ള വീഴ്ചയാണ് കാണുന്നത്. കേന്ദ്രഭരണത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ തകർച്ചയുടെ വേഗതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ പത്രപ്രവർത്തകരുടെ ഇതുപോലുള്ള പ്രവർത്തനങ്ങൾ മാധ്യമ സമൂഹത്തിന്റെ അതിജീവനത്തിന് വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തെയും യുവാക്കളെയും നശിപ്പിക്കുന്ന രാസ ലഹരിക്ക് എതിരെ പത്രപ്രവർത്തക സമൂഹം കൈകോർക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. നിരവധി മാധ്യമ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ലഹരിക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലെയും പ്രസ് ക്ലബ് ആസ്ഥാനങ്ങളെയും കെയുഡബ്ലിയുജെ സോഷ്യൽ മീഡിയ സംവിധാനങ്ങളെയും ഇതിനായി ഉപയോഗിക്കാം.
ലഹരിക്കെതിരെ പത്രപ്രവർത്തക കൂട്ടായ്മയ്ക്ക് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വിരമിച്ച മാധ്യമപ്രവർത്തകർക്കുള്ള ഉപഹാരവും മുഖ്യമന്ത്രി നൽകി.
മാധ്യമപ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് കാർഡിൻ്റെ വിതരണ ഉദ്ഘാടനം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ, ബിസിനസ് ലൈൻ ഡെപ്യൂട്ടി എഡിറ്റർ ബി സജീവ് കുമാർ എന്നിവർക്ക് നൽകി നിർവഹിച്ചു
ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്, ലഹരിക്കെതിരെ പ്രവർത്തനങ്ങൾ, സുഹൃത് സംഗമം എന്നിങ്ങനെ മാതൃകാപരമായ മൂന്ന് കാര്യങ്ങൾക്കാണ് കെയുഡബ്ലിയുജെ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ചടങ്ങിൽ സുഹൃത് സംഗമം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഈ നാട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ലഹരിക്കെതിരായ പ്രവർത്തനം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏറ്റെടുത്ത ഈ പ്രവർത്തനത്തിൽ പത്രപ്രവർത്തകരും പങ്കാളികളാകുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻറെ ബ്രേക്കിംങ് ഡി കാമ്പയിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ പി റെജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, കെയുഡബ്ലിയുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന ട്രഷറർ മധുസൂദനൻ കർത്ത, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ, സെക്രട്ടറി ഷാജിൽ കുമാർ, വെൽഫെയർ കമ്മിറ്റി കൺവീനർ പ്രജീഷ് കൈപ്പള്ളി, വിവിധ മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments