Skip to main content

നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി:  വനിത ഹോസ്റ്റല്‍ പൂര്‍ത്തീകരണത്തിലേക്ക്

നെന്മാറ  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ജില്ല പഞ്ചായത്തിന്റെയും എലവഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നിര്‍മിക്കുന്ന വനിത ഹോസ്റ്റലിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡ് തെന്മലയോരത്താണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം. 9000 സ്‌ക്വയര്‍ ഫീറ്റില്‍ ബേസ്‌മെന്റ് ഉള്‍പ്പെടെ മൂന്ന് നിലകളിലായാണ് വനിത ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1.5 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ ഒരു കോടി രൂപയും ഉള്‍പ്പെടെ ആകെ 2.5 കോടി രൂപയോളം വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 100 വനിതകള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ കെട്ടിടമാണ് നിര്‍മിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത് റൂമോടെ വിശാലമായ എട്ട് മുറി, പ്രത്യേക ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോര്‍ റൂം, കാര്‍പോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളും ഹോസ്റ്റല്‍ കെട്ടിത്തില്‍ ഒരുക്കുന്നുണ്ട്. ജോലിക്കും പഠിക്കാനായും അന്യദേശങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് എത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി താമസ സൗകര്യം മിതമായ നിരക്കില്‍ നല്‍കലാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ നിരവധി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും കഴിയും. മൂന്ന് മാസത്തിനുള്ളില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അറിയിച്ചു.

date