കാലവര്‍ഷം : മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ
കാലവര്‍ഷം ആരംഭിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ പരിസര ശുചിത്വവും വ്യക്തിശുചിത്വവും ആഹാര ശുചിത്വവും കൃത്യമായി പാലിക്കണമെന്ന് ഡി എം ഒ (ആരോഗ്യം) അറിയിച്ചു. മഴ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി എന്നിവക്കും കെട്ടികിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ജന്തുജന്യ രോഗമായ എലിപ്പനിക്കും സാഹചര്യവുമുണ്ടാകും. ആയതിനാല്‍ വീടിനു ചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിശല്യം ഉണ്ടാകാതെ ഇരിക്കാനും ഏവരും ശ്രദ്ധിക്കണം.
ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ മാത്രം കഴിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിര്‍ത്താം. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാനായി ഒ.ആര്‍.എസ് ലായനി, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നല്‍കണം. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു പാക്കറ്റ് ഒ. ആര്‍. എസ്. വീട്ടില്‍ കരുതേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.
- Log in to post comments