വൃക്ഷവത്കരണ ക്യാമ്പയിന് ഇന്ന് തുടക്കം
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിനും ജില്ലയില്‍ ഇന്ന് (ജൂണ്‍ അഞ്ച്)തുടക്കം കുറിക്കും. ഹരിതകേരളം മിഷന്‍ 2019 മുതല്‍ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിന്‍. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ക്യാമ്പയിന്‍ പ്രത്യേകം ശ്രദ്ധ നല്‍കും.
വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ജീവനക്കാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, വായനശാലകള്‍, സാമൂഹ്യ രാഷ്ടീയ സംഘടനകള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നട്ടുപിടിപ്പിക്കാനുള്ള തൈകള്‍ പ്രാദേശികമായി ശേഖരിക്കും. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന തൈകള്‍ക്കു പുറമേ ഗ്രാമപഞ്ചായത്തുകള്‍ വഴി പൊതു ജനങ്ങളില്‍ നിന്നും ജനകീയമായും തൈകള്‍ ശേഖരിക്കും. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിക്കുന്ന തൈകള്‍ 'ചങ്ങാതിക്കൊരു തൈ' ക്യാമ്പയിനിലൂടെ ശേഖരിക്കും.
നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍ (BMC), പരിസ്ഥിതി പ്രവര്‍ത്തകര്‍, കൃഷി ഓഫീസര്‍, കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാലന സമിതി രൂപീകരിക്കും. സ്‌കൂളുകള്‍ക്ക് പുറമെ കോളേജുകള്‍, പോളിടെക്നിക്കുകള്‍, ഐ.ടി.ഐ.കള്‍, അങ്കണവാടികള്‍ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂണ്‍ 24 മുതല്‍ തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. നടീല്‍ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തുന്നതിനൊപ്പം നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും ക്യാമ്പയിന്റെ ഭാഗമായി നടത്തും. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീല്‍ സംഘടിപ്പിക്കും
- Log in to post comments