മൃഗസംരക്ഷണ സംരംഭങ്ങള്‍; സബ്സിഡികളും സഹായങ്ങളും
മൃഗസംരക്ഷണ-ക്ഷീരവികസനമേഖലയിലെ പദ്ധതികളും സഹായങ്ങളും വ്യക്തമാക്കുന്ന പരിപാടി കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും ചിതറ സി. കേശവന്‍ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ചു. അഗ്രിഫെസ്റ്റ് 2025 ന്റെ ഭാഗമായി വളവുപച്ച സി കേശവന്‍ ഗ്രന്ഥശാലയില്‍ കാര്‍ഷികപ്രദര്‍ശന-വിപണന മേളയും നടത്തി.
അധികവരുമാനം നേടാവുന്ന മൃഗസംരക്ഷണ സംരംഭങ്ങള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍, സബ്സിഡികള്‍ എന്നിവ പരിചയപ്പെടുത്തി. 1000 മുട്ടക്കോഴികളുടെ ഹാച്ചറികള്‍ തുടങ്ങുന്നവര്‍ക്ക് 10 ലക്ഷം രൂപ, 100 ആടുകളെ വളര്‍ത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ, 50 പന്നികളെ വളര്‍ത്തുന്നവര്‍ക്ക് 15 ലക്ഷം രൂപ, തീറ്റപ്പുല്‍ വളര്‍ത്തി ഫോഡര്‍ ബ്ലോക്കുകളാക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ 50 ശതമാനം സബ്സിഡിയോടെ ധനസഹായം നല്‍കുന്ന ദേശീയ കന്നുകാലി മിഷന്‍ പദ്ധതികള്‍, ഒരു ലക്ഷം രൂപ സഹായം നല്‍കുന്ന സര്‍ക്കാരിന്റെ മിനി ഡയറി യൂണിറ്റുകള്‍, ക്ഷീരകര്‍ഷകരുടെ ബാങ്ക് വായ്പയുടെ പലിശ സര്‍ക്കാര്‍ നേരിട്ട അടയ്ക്കുന്ന ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍, പൈക്കളെ വളര്‍ത്താന്‍ 50 ശതമാനം സബ്സിഡി നല്‍കുന്ന ക്ഷീരഗ്രാമം, വിധവകള്‍ക്ക് മുട്ടക്കോഴികളെ നല്‍കുന്ന ആശ്രയ, കാലികളുടെ വന്ധ്യത പരിഹാരത്തിനുള്ള ചികിത്സാപദ്ധതി, കാലികള്‍ക്ക് സൗജന്യനിരക്കില്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്ന ഗോസമൃദ്ധി തുടങ്ങിയ പദ്ധതികള്‍ വിശദീകരിച്ചു.
കാലാനുസൃതമായ കാലിവളര്‍ത്തല്‍, ബ്രോയിലര്‍ ആട്‌വളര്‍ത്തല്‍, ഇറച്ചി-മുട്ടക്കോഴിസംരംഭങ്ങള്‍, നഴ്സറികള്‍, കാട, മുയല്‍ വരുമാന സാധ്യതകള്‍, തടാകംവേണ്ടാത്ത താറാവ്‌വളര്‍ത്തല്‍, അരുമമൃഗ-പക്ഷി സംരംഭങ്ങള്‍, മട്ടുപ്പാവ് കൃഷി എന്നിവയും പരിചയപ്പെടുത്തി. ഫാം തുടങ്ങാന്‍ ആവശ്യമായ സഹായങ്ങള്‍, ലൈസന്‍സിംഗ്, പ്രവാസി മലയാളികള്‍ക്കും വനിതകള്‍ക്കുമായുള്ള പ്രത്യേകസംരംഭങ്ങള്‍ തുടങ്ങിയവയും വിശദീകരിച്ചു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍ അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി റെജില്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ആര്‍. രാജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. സലില്‍ കുട്ടി, കെപ്കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.സെല്‍വകുമാര്‍, കേരള ഫീഡ് മാര്‍ക്കറ്റിംഗ് മേധാവി ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1951/2025)
- Log in to post comments