ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ 'മനസ്സോട് ഒത്തിരി' ഭൂമി നല്കി രാധ ടീച്ചര്‍
സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ ടീച്ചര്‍. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യം പത്രത്തില്‍ കണ്ടാണ് സ്ഥലം വിട്ടുനല്‍കാന്‍ ടീച്ചര്‍ തീരുമാനിച്ചത്. 'തനിക്കിത് എങ്ങനെയെങ്കിലും കളയാനുള്ള ഭൂമിയല്ല, പാവങ്ങള്‍ക്ക് കിട്ടണം. ഇതിനായി വെറുതെ ഭൂമി നല്കുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് ലൈഫ് മിഷന് ഭൂമി നല്കാന് സ്വമേധയാ തീരുമാനമെടുത്തത്', റിട്ട. അധ്യാപികയായ രാധ ടീച്ചര്‍ പറയുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്.
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് അതിദരിദ്രര്‍, മൂന്ന് ലൈഫ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. എട്ടാം വാര്‍ഡില്‍ മതിലകത്താണ് ഭൂമി. 28ന് പറപ്പാറ കമ്യൂണിസ്റ്റ് ഹാളിന് സമീപം നടക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ആധാരം കൈമാറുകയും രാധ ടീച്ചറെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആദരിക്കുകയും ചെയ്യും.
നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന രാധ ടീച്ചര്‍ നിറഞ്ഞ മനസ്സോടെയാണ് ഭൂമി കൈമാറുന്നതെന്ന് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു. മുമ്പും സര്‍ക്കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. വീടിന് സമീപമുള്ള റോഡിനായും സ്ഥലം വിട്ടുനല്‍കിയിരുന്നു. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപികയാണ് വി രാധ ടീച്ചര്‍. റിട്ടയേര്‍ഡ് അധ്യാപകന് ഇ കെ ദാമു നായരാണ് ഭര്‍ത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്.
- Log in to post comments