Skip to main content

മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം; ഡ്രോയിംഗ് തയ്യാറാക്കാൻ റെയിൽവേയുടെ ക്ലിയറൻസ്

'ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി - കരുമാത്ര റോഡിൽ മാരാത്തുകുന്ന് ലെവൽക്രോസ്സ് നമ്പർ 7 റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് ഡ്രോയിംഗ് തയ്യാറാക്കാൻ കെ-റെയിൽ കോർപ്പറേഷന് ദക്ഷിണ റെയിൽവേയുടെ ക്ലിയറൻസ് ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. എറണാകുളം - ഷൊർണൂർ സെക്ഷനിൽ റെയിൽവേ പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മൂന്നും നാലും ട്രാക്കുകളുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട്  മേൽപ്പാലങ്ങളുടെ രൂപരേഖയ്ക്ക് റെയിൽവേയുടെ അംഗീകാരം വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ നിർദ്ദിഷ്ട മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് പുതിയ ട്രാക്കുകളുമായി ബന്ധപ്പെട്ട ക്ലിയറൻസ് നൽകി ജൂലൈ 23ന് ദക്ഷിണ റെയിൽവേ ഉത്തരവായി.

മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിൻ്റെ നിർവ്വഹണ ഏജൻസിയായി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (കെ-റെയിൽ) ചുമതലപ്പെടുത്തി മാർച്ചിൽ സംസ്ഥാന സർക്കാർ ഉത്തരവായിരുന്നു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കും.

കെ-റെയിൽ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മേൽപ്പാലത്തിൻ്റെ ജനറൽ അറേഞ്ച്മെൻ്റ് ഡ്രോയിംഗും എസ്റ്റിമേറ്റും തയ്യാറാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ലെവൽ ക്രോസ്സ് പരിസരത്ത് മണ്ണ് പരിശോധന കഴിഞ്ഞ ദിവസം (29-07-2025) ആരംഭിച്ചു.

വടക്കാഞ്ചേരി ബൈപ്പാസ്സിന്റെ ഡി.പി.ആർ. തയ്യാറാക്കുന്ന കെ.ആർ.എഫ്.ബി.യുമായി കൂടിയാലോചിച്ചാണ് മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ ഡ്രോയിങ് തയ്യാറാക്കുന്നത്. നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് റോഡ് മേൽപ്പാലത്തിന്റെ അടിയിലൂടെ കടന്നു പോകുന്ന  രീതിയിലാണ് രൂപരേഖ തയ്യാറാക്കുക. ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരം 5.50 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഇവിടെ ഉറപ്പുവരുത്തും. മാരാത്തുകുന്ന് റെയിൽവേ ഗേറ്റിൽ നിന്ന് കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിലേക്കുള്ള ദൂരകുറവും ഗേറ്റിനടുത്തുള്ള കൊടുംവളവും പരിഗണിച്ചുള്ള അലൈൻമെൻ്റാണ് പരിഗണനയിലുള്ളത്. ഓട്ടുപാറയിൽ നിന്നും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന രീതിയിലാണ് പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുന്നത്. ഓട്ടുപാറയിൽ എങ്കക്കാട്-വാഴാനി റോഡ് ജങ്ഷൻ, കുന്നംകുളം റോഡ് ജങ്ഷനുകളുടെ വികസനത്തിന് രണ്ടു ബഡ്ജറ്റുകളിലായി മൂന്ന് കോടി രൂപ എംഎൽഎ എന്ന നിലയിൽ വകയിരുത്തിയിട്ടുണ്ടെന്നും, വിശദമായ ചർച്ചകൾക്കു ശേഷം മാത്രമേ അലൈൻമെൻ്റ് അന്തിമമാക്കുകയുള്ളൂ എന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

 

date