Skip to main content

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം: മന്ത്രി എം.ബി. രാജേഷ്

 

 

അട്ടപ്പാടി വിമുക്തി ലഹരിമോചന കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ലഹരിയെന്ന സാമൂഹ്യ വിപത്തിനെ സമൂഹം ഒറ്റക്കെട്ടായി അണിനിരന്ന് ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും എക്സൈസ്-ആരോഗ്യ വകുപ്പുകളും സംയുക്തമായി നിർമ്മിച്ച വിമുക്തി ലഹരിമോചന കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ സമഗ്രമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലഹരിമുക്ത ചികിത്സയിൽ ഏറ്റവും മികച്ച സംവിധാനങ്ങൾ കേരളത്തിലാണുള്ളത്. എക്സൈസ് സേന ലഹരി വിമുക്ത ചികിത്സ കൂടി നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം സംവിധാനം നിലവിലില്ല. 2018 മുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടിയിലെ ലഹരി വിമുക്തി കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്ക് അടിമപ്പെടാനുള്ള സാമൂഹികവും മാനസികവുമായ കാരണങ്ങളെ സമഗ്രമായി നേരിടാൻ കഴിയണം. ലഹരി സംസ്ഥാനത്തേക്ക് എത്തുന്നത് പരമാവധി തടയാനും ഒപ്പം സാമൂഹ്യ ജാഗ്രത വളർത്താനും കഴിയണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ലഹരിക്കെതിരെ പോലീസും എക്സൈസും നടത്തിയ വിവിധ ഓപ്പറേഷനുകളിലൂടെയുള്ള മാറ്റം ഇപ്പോൾ സമൂഹത്തിൽ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പരിശോധന, നേരിട്ടുള്ളതും മഫ്തിയിലുള്ളതുമായ നിരീക്ഷണം എന്നിവ നടത്തുന്നുണ്ട്. എക്സൈസിന്റെയും പോലീസിന്റെയും സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ നിരീക്ഷണം ഉൾപ്പെടെയുള്ള പഴുതടച്ച പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍,  മധ്യ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date