മുഴുവൻ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കണം : നിയമസഭ സ്പീക്കർ എ.എൻ ഷംസീർ
* വൈപ്പിൻ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി
എല്ലാ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം ഏറെ പ്രശംസനീയമാണെന്നും ഇത് മുഴുവൻ മണ്ഡലങ്ങളിലും നടപ്പാക്കാൻ ശ്രമിക്കണമെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിലും ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇൻ്റർനെറ്റിൻ്റെ സഹായം പൂർണമായും ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടാണ് ഇ-ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. ഈ സംവിധാനം കൃത്യമായി വിനിയോഗിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. സ്വഭാവ രൂപീകരണത്തിൻ്റെ കാലഘട്ടമാണിത്. സമൂഹത്തിലെ തെറ്റായ ശീലങ്ങളുടെ പുറകേ പോകാതെ നല്ല രീതിയിൽ വായിക്കാനും പഠിക്കാനും ശ്രദ്ധിക്കണം. കുട്ടികളിൽ നല്ല സ്വഭാവം രൂപീകരിക്കാൻ സാധിച്ചാൽ അത് എക്കാലത്തും നിലനിൽക്കും.
സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായ ഈ കാലത്ത് വെർച്വൽ ലോകത്തെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയണം. ഫോൺ, ടാബ്ലറ്റ്, കംപ്യൂട്ടർ എന്നിവയിലെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പഠിച്ച് മിടുക്കരാകുക എന്നതിനൊപ്പം നല്ല മനുഷ്യനും നല്ല പൗരനും ആകണം.
സ്കൂളുകളിൽ അക്കാദമിക വിഷയങ്ങൾക്കൊപ്പം
ഭരണഘടന കൂടി പഠിപ്പിക്കാൻ ശ്രമിക്കണമെന്നും സ്പീക്കർ പറഞ്ഞു. ഏതൊരു ഇന്ത്യൻ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും
പ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ട്. പക്ഷേ ഇതിനെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രത്തെ ഐതിഹ്യങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന കാലത്ത് കുട്ടികളിൽ യുക്തിബോധവും വിമർശന ചിന്തയും വളർത്തേണ്ടതുണ്ട്.
എല്ലാ സ്കൂളുകളിലും ഇ-ലൈബ്രറി എന്ന നൂതന ആശയത്തിന് പിന്നിൽ പ്രവർത്തിച്ച കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എക്കും ബി.പി.സി.എൽ അധികൃതർക്കും അനുമോദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളിപ്പോർട്ട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബിൻ കളത്തിൽ മുഖ്യാതിഥിയായി. 2025-ലെ ഗ്രീൻ ഫിനാൻസ് ഹബ്ബ് അന്താരാഷ്ട്ര ഫെലോഷിപ്പ് ജേതാവ് ജിതാ ജോണി, സാംസ്കാരിക പ്രവർത്തകനായ ഭാസ്കരൻ അയ്യമ്പിള്ളി എന്നിവരെ ആദരിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുന്നത്. 20 ഹൈസ്കൂളുകളിലാണ് ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി ഒരുങ്ങിയത്.
മുതിർന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ മുതൽ യുവ സാഹിത്യകാരന്മാരുടെ കൃതികൾ വരെ ഇ-ലൈബ്രറിയിൽ നിന്ന് വായിക്കാൻ കഴിയും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഏറെ സഹായകരമായ രീതിയിലാണ് ഇ-ലൈബ്രറി ആവിഷ്കരിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ, ബാങ്ക്, പി.എസ്.സി, പരീക്ഷകൾ, ഐഎഎസ്, കെഎഎസ് തുടങ്ങിയ സിവിൽ സർവ്വീസ് പരീക്ഷകളുടെ പരിശീലനവും മാർഗനിർദ്ദേശങ്ങളും ഇ - ലൈബ്രറിയിലൂടെ ലഭിക്കും.
സ്പോക്കൺ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, തുടക്കക്കാർക്കും ഇടത്തരക്കാർക്കും യോജിച്ച സിലബസുകൾ, നിത്യജീവിതത്തിലും ഔദ്യോഗിക ആവശ്യങ്ങൾക്കുമുതകുന്ന സംഭാഷണങ്ങളെ കേന്ദ്രീകരിക്കുന്ന പഠന രീതികൾ എന്നിവയും ഡിജിറ്റൽ ലൈബ്രറിയുടെ സവിശേഷതകളാണ്.
ചടങ്ങിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, വൈപ്പിൻ എ.ഇ.ഓ ഷൈന മോൾ, കൈറ്റ് ജില്ലാ കോഡിനേറ്റർ അജി ജോൺ, മുൻ ഇന്ത്യൻ വോളിബോൾ പ്ലെയർ ടോം ജോസ്, റിലയൻസ് ജിയോ കേരള അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ, സ്മാർട്ട് ഇ ത്രി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഗോകുൽ ഗോവിന്ദ്, പള്ളിപോർട്ട് സെൻ്റ് മേരിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.എ സേവ്യർ, സ്കൂൾ ലീഡർ മാസ്റ്റർ ആൻഡ്രിക് ജയ്സൺ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments