Skip to main content

ഓളപ്പരപ്പിലെ ഉത്സവത്തിന് നാടൊരുങ്ങി

 

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ അഞ്ചിന് നാളെ (26) തുടക്കമാകും

ഫെസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

കടലിലും കരയിലും മാനത്തും വര്‍ണ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ അഞ്ചിന് നാളെ (ഡിസംബര്‍ 26) ഉജ്ജ്വല തുടക്കമാകും. ഡിസംബര്‍ 26,27,28 തിയ്യതികളിലായി ജല സാഹസിക കായിക മത്സരങ്ങളും പ്രദര്‍ശനങ്ങളും കൊണ്ട് നാടുണര്‍ത്തുന്ന മേളയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രധാന വേദിയായ ബേപ്പൂര്‍ മറീനയില്‍ വൈകീട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നാല് മണിക്ക് ബേപ്പൂര്‍ കയര്‍ ഫാക്ടറി ഭാഗത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റ് വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബേപ്പൂര്‍ മറീന, ഓഷ്യാനസ് ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവണ്‍മെന്റ് എ.യു.പി സ്‌കൂള്‍, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക. ജല കായിക ഇനങ്ങള്‍, ഭക്ഷ്യമേള, അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരം, മറ്റ് കലാ, സാംസ്‌കാരിക, സംഗീത പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുന്ന ഫെസ്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. 

സിറ്റ് ഓണ്‍ ടോപ്പ് കയാക്ക്, സെയ്ലിംഗ്, ചൂണ്ടയിടല്‍, ഫ്ളൈ ബോര്‍ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ്, പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്‌ളൈ പാസ്റ്റ്, സര്‍ഫിംഗ്, വലയെറിയല്‍, ഡ്രാഗണ്‍ ബോട്ട് റേസ്, പാരാമൗണ്ടിംഗ് തുടങ്ങി മത്സര, പ്രദര്‍ശന പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുക. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂര്‍ പാരിസണ്‍സ് കോംപൗണ്ടില്‍ ഡിസംബര്‍ 29 വരെ തുടരും.

ഫെസ്റ്റിന്റെ മൂന്ന് ദിവസങ്ങളിലും കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും. ആദ്യ ദിവസം പകല്‍ 2.30നാണ് പ്രദര്‍ശനം ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകല്‍ ഒമ്പതിന് പ്രദര്‍ശനം ആരംഭിക്കും. 

മെഗാ ഇവന്റുകള്‍ക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും കലാപരിപാടികളാണ് ഇത്തവണ അരങ്ങേറുക. വയോജനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങള്‍ക്ക് ഫെസ്റ്റ് വേദിയാകും. റെസിഡന്‍സ് കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാള്‍ജിക് ഡാന്‍സ്, ഒപ്പന, തിരുവാതിരകളി, കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ പരിപാടികള്‍, ഭിന്നശേഷി കുട്ടികള്‍, മ്യൂസിക് സ്‌കൂളുകള്‍, വയോജനങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍, പ്രാദേശിക നാടകങ്ങള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.

date