പുണ്യഭവനില്‍ സെന്‍സറി പാര്‍ക്കും ഔഷധ-ഫലവൃക്ഷത്തോട്ടവും ഒരുക്കി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവനില്‍ സെന്‍സറി പാര്‍ക്ക്, ഫലവൃക്ഷത്തോട്ടം, നിരാമയം ഔഷധത്തോട്ടം, പച്ചക്കറി കൃഷിത്തോട്ടം, ചുമര്‍ച്ചിത്രങ്ങള്‍ എന്നിവയൊരുക്കി ഫാറൂഖ് ട്രെയിനിങ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്.
സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. ആസ്റ്റര്‍ മിംസ് വോളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെയാണ് സെന്‍സറി പാര്‍ക്കും ഔഷധത്തോട്ടവും ചുമര്‍ച്ചിത്രങ്ങള്‍ വരക്കുന്ന മഴവില്ല് പദ്ധതിയും ഒരുക്കിയത്. ട്രീബ്യൂട്ട് പ്ലാന്റേഷന്റെ സഹകരണത്തോടെയാണ് ഫലവൃക്ഷത്തോട്ടം തയാറാക്കിയത്.
പുണ്യഭവനിന്‍ നടന്ന പരിപാടിയില്‍ ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എസ് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ എം അഞ്ജു മോഹന്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് അസീം, എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എച്ച്.എം.ഡി.സി സൂപ്രണ്ട് പി ആര്‍ രാധിക, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ടി ഉസ്മാന്‍, വളണ്ടിയര്‍ കോഓഡിനേറ്റര്‍ നയന കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം നടത്തിവരുന്ന ഹാപ്പി ഹില്‍സ് പ്രോജക്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും സാമൂഹിക നീതിവകുപ്പും ഫാറൂഖ് ട്രെയിനിങ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
- Log in to post comments