ബേപ്പൂർ വാട്ടർ ഫെസ്റ്റ് # 7
രുചിക്കൂട്ടുകൾ പലതരം; ഹിറ്റായി ഭക്ഷ്യമേള
വൈവിധ്യമാർന്ന രുചിക്കൂട്ടങ്ങൾ വിളമ്പി സന്ദർശകരെ എതിരേറ്റ് വൻ ഹിറ്റായി അഞ്ചാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേള. ഫെസ്റ്റിൻ്റെ ആദ്യ ദിവസം തന്നെ ആയിരങ്ങളാണ് രുചി വൈവിധ്യങ്ങൾ പരീക്ഷിക്കാനായി ഫാരിസൺസ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ഭക്ഷമേളയുടെ ഔപചാരിക ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങളായ കപ്പ, ദോശ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളായ ബൺ മസ്ക്ക, ആത്മാവേ പോ മുള സോഡ, ബബിൾ ടീ, ബ്ലൂ ലൈവ് സോഡ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കിഴി പൊറോട്ട, ജബുലാനി ഐസ് മിസ്റ്റ്, പാനി പുരി, ഭേൽ പുരി തുടങ്ങിയ ഉത്തരേന്ത്യൻ വൈവിധ്യങ്ങളും വിവിധ തരം ബിരിയാണികൾ, കോഴിക്കോടിന്റെ തനത് വിഭവങ്ങൾ, പേരുകൊണ്ട് വ്യത്യസ്തമായ മസാല ചക്ലി, കൊള്ളി കച്ച്, പഴയ കാല മിട്ടായികൾ, നയൻ്റീസ് ഗോലി സോഡ എന്നിവയാണ് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്.
കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമൂസ, ഉന്നക്കായ, മുട്ടമാല, ചട്ടിപ്പത്തിരി, ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും ഐസ്ക്രീമുകളും വിവിധ തരം സിപ്പ് അപ്പുകളുമായി കുട്ടികൾക്കായുള്ള സ്റ്റാളും ലൈവാണ്. മത്സ്യരുചികളുടെ കലവറയുമായി ഫിഷറീസ് വകുപ്പിന്റെ സാഫ് ടീം സ്റ്റാളും സജീവമാണ്. ബേപ്പൂർ പാരിസൺസ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ 80 ലധികം സ്റ്റാളുകളാണുള്ളത്.
- Log in to post comments