ജില്ലാതല ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാല പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാ ബാലപാര്‍ലമെന്റിലേക്ക് വരുന്നത്. കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുകയാണ് ജില്ലാ ബാലപാര്‍ലമെന്റിന്റെ ദ്വിദിന സഹവാസ ക്യാമ്പിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ട പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികളുടെ കൂട്ടായ്മയാണ് ബാലസഭ. ജില്ലാ ബാല പാര്‍ലമെന്റില്‍ 82 സി ഡി എസ്സുകളില്‍ നിന്നായി പങ്കെടുത്ത കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 പേരെ സംസ്ഥാന ബാല പാര്‍ലമെന്റിലേക്ക് പങ്കെടുപ്പിക്കും.
ചെങ്ങോട്ടുകാവിലെ ആര്‍ ബി വൈഗ സ്പീക്കറായും പുതുപ്പാടിയിലെ ഷഹാന ഷെറിന്‍ പ്രസിഡന്റായും സ്ഥാനമേറ്റു. അലിഡാ (കുന്നുമ്മല്‍) പ്രധാനമന്ത്രി, കാര്‍ത്തിക (പെരുവയല്‍) പ്രതിപക്ഷ നേതാവ്, നിവേദ് (മേപ്പയ്യൂര്‍) ആഭ്യന്തരം-നിയമ ഗതാഗത മന്ത്രി, ഫാത്തിമ സിയ (നന്മണ്ട) കലാ സാംസ്‌കാരിക കായിക മന്ത്രി, സായന്ദ് കൃഷ്ണ(പയ്യോളി)-വിദ്യാഭ്യാസ മന്ത്രി, ലസ്മിയ (കാരശ്ശേരി)-സാമൂഹ്യനീതി ശിശുക്ഷേമ മന്ത്രി, ജസ്വാന്‍ ഷാര്‍വി (പുറമേരി)-ആരോഗ്യ-ഭക്ഷ്യകാര്യ ശുചിത്വ മന്ത്രി, അമല്‍ സി (ചാത്തമംഗലം)-വനം പരിസ്ഥതി കൃഷി മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചു. ആദിത്യന്‍ എല്‍ എസ് മാര്‍ഷല്‍ ചുമതല വഹിച്ചു.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സി കവിത ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സൂരജ് അധ്യക്ഷത വഹിച്ചു. എസ്‌കെ അതുല്‍ രാജ്, ആര്‍ അനഘ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments