Skip to main content

'ഉന്നതി' നൈപുണി വികസന ക്യാമ്പ് മലമ്പുഴയില്‍ തുടങ്ങി

 

 

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കെ-ഡിസ്‌ക്, വിജ്ഞാനകേരളം എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന 'ഉന്നതി' നൈപുണി വികസന തൊഴില്‍ പദ്ധതിയുടെ ഭാഗമായുള്ള ദശദിന റസിഡന്‍ഷ്യല്‍ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐടിഐ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 2026 ജനുവരി നാല് വരെയാണ് പരിശീലനം നടക്കുന്നത്.
ബ്രിഡ്ജ് കോഴ്സിന്റെ ഭാഗമായി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ സോഫ്റ്റ് സ്‌കില്‍ പരിശീലനം, അതത് ട്രേഡുകള്‍ക്കനുസരിച്ചുള്ള ഡൊമെയ്ന്‍ പരിശീലനം എന്നിവ ക്യാമ്പില്‍ നല്‍കും. വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം, എംഎസ് ഓഫീസ്, ഗൂഗിള്‍ സ്യൂട്ട്, ഇന്റര്‍വ്യൂ പരിശീലനം, റെസ്യൂമെ തയ്യാറാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ വിഷയ വിദഗ്ധര്‍ നയിക്കുന്ന പ്രത്യേക സെഷനുകളും ടൂളുകളിലും സോഫ്റ്റ്വെയറുകളിലുമുള്ള പരിശീലനവും ഇതിന്റെ ഭാഗമാണ്.
ഉദ്ഘാടന ചടങ്ങില്‍ ആശ്രമം സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് സി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍,  മലമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സന്തോഷ്, മാനേജര്‍ കെ. ഗിരിജ, റിട്ടയേഡ് പട്ടികജാതി വികസന ഓഫീസര്‍ ജയകുമാര്‍, അസാപ് ട്രെയിനര്‍ പ്രതിഭ, ബേള ഐടിഐ പ്രിന്‍സിപ്പലും പരിശീലന പരിപാടിയുടെ ചാര്‍ജ് ഓഫീസറുമായ രാജേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

date