Skip to main content

ദേശീയ  സരസ് മേള : മിനിമാരത്തോണ്‍ ഇന്ന്

 

ജനുവരി രണ്ടു മുതല്‍ ചാലിശ്ശേരിയില്‍ നടക്കുന്ന ദേശീയ  സരസ് മേളയ്ക്ക് മുന്നോടിയായി മിനിമാരത്തോണ്‍ ഇന്ന് (ഡിസംബര്‍ 30) നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന മിനിമാരത്തോണ്‍ പി മമ്മിക്കുട്ടി എം എല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും. കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ നടത്തുന്ന മിനിമാരത്തോണില്‍  പങ്കെടുത്ത് ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 10,000 രൂപയും രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും നല്‍കും. സരസ് മേളയുടെ വരവറിയിച്ച് മണ്ഡലത്തില്‍ വിവിധ പരിപാടികളാണ് നടക്കുന്നത്.
സന്തോഷ് ട്രോഫി താരം മുഹമ്മദ് നിയാസ്, പാരാ ഫുട്ബാള്‍ 2025 ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ലെനിന്‍  എന്നിവര്‍ മാരത്തോണില്‍ പങ്കെടുക്കും.
കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ചാലിശ്ശേരി മുലയംപറമ്പ്  മൈതാനിയില്‍ പത്തു ദിവസങ്ങളിലായാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഇന്ത്യന്‍ ഫുഡ്‌കോര്‍ട്ട്, പ്രശസ്തരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകള്‍, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാവിഷ്‌ക്കാരങ്ങള്‍, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പുഷ്പമേള, ഹാപ്പിനെസ് കോര്‍ണര്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതകളാണ്.

date