'അശ്വമേധം 7.0' കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം ഇന്ന് മുതല്‍
ആശാ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ചേര്‍ന്ന് ജില്ലയിലെ എട്ട് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിക്കും
ആരോഗ്യ വകുപ്പ് നടത്തുന്ന 'അശ്വമേധം 7.0' കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞത്തിന് ഇന്ന് (ജനുവരി 7) തുടക്കമാകും. കുഷ്ഠരോഗം തിരിച്ചറിയാത്തതിനാല്‍ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ജനുവരി 20 വരെ തുടരുന്ന ക്യാമ്പയിന്റെ ലക്ഷ്യം. ആശാ പ്രവര്‍ത്തകര്‍, പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ എട്ട് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിക്കും. ഇതിനായി 4,070 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.
ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്കിടയിലും ബോധവത്കരണം നടത്തും. ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 7) രാവിലെ 10.30ന് രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കല്ലട മുഹമ്മദലി നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി ബോധവത്കരണ തെരുവ് നാടകവും സംഘടിപ്പിക്കും.
തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടി കൂടിയതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആയേക്കാമെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെയുള്ള വിദഗ്ധ ചികിത്സയിലൂടെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments