Skip to main content

’യുവ ആപ്ദ മിത്ര’ എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

 

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതി റിനീവൽ സെന്ററിൽ ആരംഭിച്ച പരിശീലനം കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ എം രേഖ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് നോഡൽ ഓഫീസർ ഡോ. സുരേഷ് പുത്തൻപറമ്പിൽ അധ്യക്ഷനായി. 

കേരള ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന രീതികൾ, ദുരന്ത മുഖങ്ങളിലെ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ എന്നിവയിൽ വിദ്യാർഥികൾക്ക് ശാസ്ത്രീയ പരിശീലനവും അവബോധവും നൽകും. ദുരന്തനിവാരണ ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക സഹായം നൽകാൻ യുവതയെ സഹായിക്കുക, ദുരന്ത സമയങ്ങളിൽ പ്രദേശവാസികൾക്ക് സ്വയം പ്രതിരോധ സഹായം എത്തിക്കുക എന്നിവക്കായി ശക്തമായ യുവജനസേന രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐ ഡി കാർഡുകൾ, യൂണിഫോം, എമർജൻസി റസ്പോൺസ് കിറ്റുകൾ എന്നിവ നൽകും.
ചടങ്ങിൽ ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, അധ്യാപകരായ എ എം സാദിഖ്, ലിജോ ജോസഫ്, ജിബിൻ ബേബി എന്നിവർ സംസാരിച്ചു.

date