Skip to main content

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്; ഗ്രാന്‍ഡ് ഫിനാലെ 22-ന്

 

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഫെബ്രുവരി 22-ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാകും.

രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്‌കൂള്‍ വിഭാഗം മത്സരവും നടക്കും. സ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തത്. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിച്ചത്.

സ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

date