വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രത്യേക ജാഗ്രത: കളക്ടര്‍
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വെള്ളക്കെട്ടുണ്ടായ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുവാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വെള്ളം കയറി വിവിധ ഇടങ്ങളില്‍ സെപ്റ്റിക്ക് ടാങ്കുകള്‍ തകര്‍ന്നതും, കുടിവെള്ള സംഭരണികള്‍ ഉപയോഗശൂന്യമായതും, കാനകളിലും ഓടകളിലും മാലിന്യങ്ങള്‍ അടിഞ്ഞതും രോഗപകര്‍ച്ചക്ക് ഇടയാക്കാമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ദുരന്തബാധിത പ്രദേശത്ത് രോഗനിയന്ത്രണത്തിനായി റവന്യൂ, തദ്ദേശ സ്വയംഭരണം, വാട്ടര്‍ അതോറിറ്റി, ശുചിത്വ മിഷന്‍, പോലീസ്, തൊഴിലുറപ്പ് പദ്ധതി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിച്ചുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി ചെല്ലാനം സെന്റ് മേരിസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ നേരിട്ടെത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കുമ്പളങ്ങി, മലപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കിലോ ബ്ലീച്ചിങ്ങ് പൗഡറും ലഭ്യമാക്കി.
ചെല്ലാനത്ത് 574 വീടുകളിലും മാലിപ്പുറത്ത് 727 വീടുകളിലും ഇന്ന് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാലിപ്പുറം ബ്ലോക്കിലെ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ 200 തൊഴിലുറപ്പ് പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ വകുപ്പുകളുമായി സംയോജിച്ചുള്ള പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരും.
- Log in to post comments