Skip to main content

ഡെങ്കിപ്പനി: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം 

 

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. വീട്ടിനകത്തും വീടിന് ചുറ്റുവട്ടത്തുമാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍ വളര്‍ത്തുന്ന ചെടിച്ചട്ടി, ചെടികളുടെ അടിയില്‍ വെക്കുന്ന ട്രേ, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, വിറകും മറ്റും മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുക് പാളകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, പാത്തികള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വീട്ടിനകത്ത് മണി പ്ലാന്റോ മറ്റ് ചെടികളോ വളര്‍ത്തുന്നതും അപകടമാണ്. 
ഇടവിട്ടുള്ള വേനല്‍ മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കും. വേനല്‍ക്കാലത്ത് പാത്രങ്ങളില്‍ വെള്ളം സംഭരിച്ചു വെക്കുന്നവര്‍ അത് അടച്ച് സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പക്ഷികള്‍ക്കും മറ്റും കുടിക്കാന്‍ വെള്ളം വെക്കുന്ന പാത്രങ്ങളിലെ ജലം ആഴ്ചയിലൊരിക്കല്‍ മാറ്റണം.
ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകുന്നതിനാല്‍ വേനല്‍ക്കാല ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തണം. ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തിയാല്‍ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂവെന്നും ഡി.എം.ഒ പറഞ്ഞു.  

രോഗലക്ഷണങ്ങള്‍ 

പനിയോടൊപ്പം തലവേദന, കണ്ണിന് പിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കല്‍, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴല്‍, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയംചികിത്സ ഒഴിവാക്കണം. 
ഡെങ്കിപ്പനി ബാധിതര്‍ പകല്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

date