Skip to main content

പാമ്പ് പ്രതിരോധം വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇപ്രകാരം

 

മൂർഖൻ, വെള്ളിക്കട്ടൻ (ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (തേക്കിലപ്പുള്ളി, വട്ടക്കൂറ എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.

 

1. കെട്ടിടത്തിന്റെ ഉൾഭാഗങ്ങളും പരിസരങ്ങളും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.

 

2. കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.

 

3. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകർഷിക്കും, എലിയുടെ സാന്നിധ്യം  പാമ്പുകളെ ആകർഷിക്കും.

 

4. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധവും  മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധവും സജ്ജീകരിക്കാം.

 

5. ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

 

6. കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

 

7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.

 

8. രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.

 

9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടിയതിന് ശേഷമേ ഉപയോഗിക്കാവൂ.

 

10. വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ടുകൂടാം.

 

11. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.

12. കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല.

 

date