Skip to main content
സെൻസസ് 2027 ന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിൻ്റെ സമാപന ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് സംസാരിക്കുന്നു

സെന്‍സസ് വിവരങ്ങള്‍ രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം -ജില്ലാ കലക്ടര്‍

 

 ജില്ലയില്‍ ആദ്യഘട്ട സെൻസസ് പരിശീലനം സമാപിച്ചു

സെൻസസ് ജനസംഖ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുപ്പ് മാത്രമല്ലെന്നും രാജ്യത്തിന്റെ ഭാവി പുരോഗതിയുടെ അടിസ്ഥാന ശിലയാണെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട ആദ്യഘട്ട ജില്ലാതല പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വികസന ക്ഷേമ പദ്ധതികള്‍,  വിവിധ മേഖലകളിലെ ജനപ്രാതിനിധ്യം, വിഭവങ്ങളുടെ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ സെന്‍സസിന്റെ ഭാഗമായി രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കൃത്യവും വസ്തുതാപരവുമാണെന്ന് ഉറപ്പുവരുത്തണം. നാടിന്റെ യഥാര്‍ത്ഥ അവസ്ഥ അനാവരണം ചെയ്യുംവിധം കുറ്റമറ്റ രീതിയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സംവിധാനം ഒരുക്കണം. വ്യക്തികള്‍ക്ക് ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ നല്‍കാന്‍ ഇത്തവണ സെന്‍സസില്‍ നല്‍കിയിരിക്കുന്ന അവസരം പരമാവധി പേർ ‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ്, മൊബൈല്‍ ആപ്പ് വഴിയാണ് നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് (ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍-എച്ച്.എൽ.ഒ) ആദ്യഘട്ടം. ഇതിനായി ജൂലൈ ഒന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ഇതിനു മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ വ്യക്തികള്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ (https://se.census.gov.in) വഴി സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.

2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങിൽ എ.ഡി.എം പി അഖില്‍, ഡയറക്ടര്‍ ഓഫ് സെന്‍സെസ് ഓപ്പറേഷന്‍സ് കേരള ഡെപ്യൂട്ടി ഡയറക്ടര്‍ വി വിഭ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അജിലി വാസുദേവന്‍, ജില്ലയിലെ അഡീഷനല്‍ സെന്‍സസ് ഓഫീസര്‍മാര്‍, സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഉദ്യോഗസ്ഥര്‍, സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ബാച്ചുകളായാണ് മൂന്നു ദിവസം വീതം നീണ്ട പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തില്‍ സെന്‍സസ് ആക്ട്, സെന്‍സസ് നടപടിക്രമങ്ങള്‍, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

date