Skip to main content

സ്ത്രീസ്വാതന്ത്ര്യത്തിന് നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കപ്പെടണം - മന്ത്രി കെ.കെ. ശൈലജ ടീച്ചർ

 

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ സ്ത്രീകൾ ഇനിയും സമൂഹത്തിൽ അടിമപ്പെടേണ്ടി വരുമെന്നും അതിനെ മറികടക്കാൻ കേരളത്തിലെ സ്ത്രീകൾക്കാകണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. സംസ്ഥാന സാക്ഷരതാ മിഷൻ  പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.  

ഏറെ ഭയമുണ്ടാക്കുന്ന സംഭവങ്ങളാണ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്. മാറു മറയ്ക്കാൻ പോലും അനുമതിയില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജീവിത നിലവാരത്തിൽ കേരളം ഇന്ന് ഏറെ മുന്നിലാണ്. കുടുംബശ്രീ, സന്നദ്ധസംഘടനകൾ തുടങ്ങി എല്ലായിടങ്ങളിലും സ്ത്രീകളുടെ സജീവ പങ്കാളിത്തമുണ്ട്. എന്നാൽ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പേരിൽ സ്ത്രീകളെ പിന്തള്ളുന്ന പ്രവണതയാണ് ഇന്നുള്ളത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ അശുദ്ധരെന്ന് പറയുന്നത് അസംബന്ധമാണ്. ജീവശാസ്ത്രപരമായ അവസ്ഥയെ അശുദ്ധിയായി കല്പിക്കുന്നത് ശരിയല്ല. പ്രവാചകനും യേശുക്രിസ്തുവും മഹർഷിമാരും ഉദ്‌ഘോഷിച്ചത് സ്ത്രീ സ്വാതന്ത്ര്യമാണ്. നല്ല വിശാസം മനസിനെ സംസ്‌കരിച്ച് പുരോഗമനാശയത്തിലേക്ക് നയിക്കും. ഭക്തർക്കും പുരോഗമനവാദികളാകാം. അതിനുദാഹരണമാണ് രവീന്ദ്രനാഥ ടാഗോർ എന്ന് മന്ത്രി പറഞ്ഞു. 

ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല  അധ്യക്ഷത വഹിച്ചു. നവോത്ഥാനപൂർവ കേരളമെന്ന വിഷയത്തിൽ ഡോ. എസ്. ശ്രീദേവി പ്രഭാഷണം നടത്തി. കെ. അയ്യപ്പൻ നായർ, ഡോ.വിജയമ്മ, ഡാർളി ജോസഫ്, പാളയം വാർഡ് കൗൺസിലർ ഐഷാ ബേക്കർ തുടങ്ങിയവർ സംസാരിച്ചു. 

പ്രദർശനം ഈ മാസം 31 വരെ തുടരും. നവോത്ഥാന പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ ഈ ദിവസങ്ങളിൽ നടക്കും.

പി.എൻ.എക്സ്. 5647/18

date