Skip to main content

വനിതാ മതില്‍: ആവേശകരമായ മുന്നൊരുക്കം;  ജില്ലയുടെ പങ്കാളിത്ത രൂപരേഖയായി

 

 നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിനായി പത്തനംതിട്ട ജില്ലയിലെ ഒരുക്കങ്ങള്‍ ആവേശകരമായ അവസാന ഘട്ടത്തില്‍. വനിതാ മതിലിനു മുന്നോടിയായി നടത്തി വരുന്ന പ്രചാരണ പരിപാടികളില്‍ വലിയ ജനപങ്കാളിത്തവും പിന്തുണയുമാണ് ലഭിച്ചു വരുന്നത്. ദേശീയ പാതയില്‍ ആലപ്പുഴ ജില്ലയിലാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ വനിതാ മതിലില്‍ അണിനിരക്കുക. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വനിതകള്‍ അണിനിരക്കേണ്ട രൂപരേഖ ഇപ്രകാരമാണ്. തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ നിന്നുള്ളവര്‍ അമ്പലപ്പുഴ മേല്‍പ്പാലം വടക്കേ അറ്റം മുതല്‍ പോസ്‌റ്റോഫീസ് വരെ. ഇരവിപേരൂര്‍, കോഴഞ്ചേരി മേഖലകളില്‍ നിന്നുള്ളവര്‍ മറിയാ മോണ്ടിസോറി സ്‌കൂള്‍ മുതല്‍ കരൂര്‍ ജംഗ്ഷന്‍ വരെ. റാന്നി, പെരുനാട് മേഖലകളില്‍ നിന്നുള്ളവര്‍ പഴയങ്ങാടി ഐസ് പ്ലാന്റ് മുതല്‍ പുറക്കാട് ജംഗ്ഷന്‍ മുസ്‌ലിം പള്ളി വരെ. പത്തനംതിട്ട, കോന്നി മേഖലകളില്‍ നിന്നുള്ളവര്‍ കരുവാറ്റ റ്റി.ബി. സെന്റര്‍ മുതല്‍ കരുവാറ്റ ഗേള്‍സ് സ്‌കൂള്‍ വരെ. പന്തളം മേഖലകളില്‍ നിന്നുള്ളവര്‍ ചേപ്പാട് മുതല്‍ ഏവൂര്‍ ജംഗ്ഷന്‍ വരെ. അടൂര്‍, കൊടുമണ്‍ മേഖലകളില്‍ നിന്നുള്ളവര്‍ സ്പിന്നിംഗ് മില്‍ ഗേറ്റ് മുതല്‍ ഷാഹിദാര്‍ പള്ളി ജംഗ്ഷന്‍ വരെ. 

പത്തനംതിട്ട ജില്ലയില്‍ നിന്നു വനിതാ മതിലില്‍ പങ്കെടുക്കുന്ന എല്ലാ നവോഥാന സംഘടനകളും നിശ്ചയിച്ചു തന്നിട്ടുള്ള രൂപരേഖ പ്രകാരം നിശ്ചിത സ്ഥലങ്ങളില്‍  മൂന്നു മണിക്കു തന്നെ വനിതകളെ എത്തിക്കണം. 3.45ന് റിഹേഴ്സല്‍ നടത്തും. നാലു മണിക്ക് വനിതാ മതില്‍ അണിനിരക്കും. വനിതാ മതില്‍ സംഘടിപ്പിച്ചതിനു ശേഷം പ്രതിജ്ഞയെടുക്കുകയും നിശ്ചിത സ്ഥലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും ചെയ്യും. വനിതാ മതിലില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ അണിനിരക്കും. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കു പോകുന്നതിനുള്ള വാഹനങ്ങള്‍ വാര്‍ഡ് തലത്തില്‍ ബന്ധപ്പെട്ട സംഘടനകള്‍ ക്രമീകരിച്ചു വരുകയാണ്. 

 എല്‍ഡിഎഫിലെ രാഷ്ട്രീയ കക്ഷികളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും വിവിധ സര്‍വീസ് സംഘടനകളുടെയും, കുടുംബശ്രീ, തൊഴിലുറപ്പ്, ആശ, അംഗന്‍വാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആവേശകരമായ പ്രചാരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കവുമാണ് ജില്ലയില്‍ നടന്നു വരുന്നത്. ചരിത്രപ്രദര്‍ശനം, വിളംബര ജാഥകള്‍, ഗൃഹസന്ദര്‍ശനം, ചുവരെഴുത്ത്, പോസ്റ്റര്‍ പതിക്കല്‍, ലഘുലേഖ വിതരണം തുടങ്ങിയവ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ അണിനിരക്കുന്ന വനിതാ മതില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. 

date