ശുചിത്വമിഷനും നാഷണല്‍ സര്‍വീസ് സ്‌കീമും കൈകോര്‍ത്തു; നല്ല നാളേയ്ക്കായി ഹരിതം-സുകൃതം ക്യാമ്പുകള്‍ പൂര്‍ത്തിയായി
വിദ്യാര്‍ഥികളുടെ സേവന തല്‍പരതയില്‍ ജില്ലയിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതം-സുകൃതം ക്യാമ്പുകളിലൂടെ പുതുജീവന്‍. ശുചിത്വമിഷന്റെ സഹകരണത്തോടെ ദത്തുഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ജില്ലയിലെ ഹയര്‍സെക്കണ്ടറി, കോളജ് വിഭാഗങ്ങള്‍ക്കായി നടത്തിയ ക്രിസ്മസ് അവധിക്കാലത്തെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പുകള്‍ പൂര്‍ത്തിയായി. ശുചിത്വം- മാലിന്യസംസ്‌കരണം- കൃഷി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിനുള്ള പരിശീലനങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും നല്‍കിയിരുന്നു. 54 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും എംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 18 കോളജുകളിലും പത്തോളം സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലുമായാണ് ജില്ലയില്‍ ക്യാമ്പുകള്‍ നടത്തിയത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 'ഹരിതം' എന്ന പേരിലും കോളജ് വിഭാഗത്തില്‍ ' സുകൃതം' എന്ന പേരിലുമായിരുന്നു ക്യാമ്പുകള്‍.
ഓരോ എന്‍എസ്എസ് യൂണിറ്റും അവര്‍ തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു വാര്‍ഡിനെ ദത്തെടുത്ത് നിശ്ചിത സമയത്തിനുള്ളില്‍ ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ആ വാര്‍ഡിനെ മാതൃകാവാര്‍ഡായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ എന്‍എസ്എസ് യൂണിറ്റും വാര്‍ഡിലെ വീടുകളിലേയും സ്ഥാപനങ്ങളിലേയും പൊതുസ്ഥലങ്ങളിലേയും നിലവിലെ സ്ഥിതി സര്‍വ്വേയിലൂടെ കണ്ടെത്തുകയും ദത്ത് ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഭവനസന്ദര്‍ശനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കമ്പോസ്റ്റ് പിറ്റ് നിര്‍മാണം, പച്ചക്കറിതോട്ട നിര്‍മാണം, മാലിന്യസംസ്‌കരണ ബോധവല്‍ക്കരണ ക്ലാസുകള്‍, മാലിന്യം തരംതിരിക്കല്‍, പ്രകൃതി സൗഹൃദ വസ്തുക്കളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.
തുരുത്തിക്കാട് ബി.എ.എം. കോളജിന്റെ നേതൃത്വത്തില്‍ വരാപ്പുഴ ശുചീകരണം, തിരുവല്ല മര്‍ത്തോമ കോളജില്‍ പച്ചക്കറി കൃഷി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ 500 പച്ചക്കറി തൈ നടീല്‍, റാന്നി സെന്റ് തോമസ് കോളജിന്റെ നേതൃത്വത്തില്‍ വലിയതോട് ശുചീകരണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. വോളന്റിയര്‍മാര്‍ ദത്ത്ഗ്രാമങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി. കമ്പോസ്റ്റ് കുഴി നിര്‍മാണം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും നടത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലയിലാകെ 2666 വോളന്റിയര്‍മാരാണ് ദത്ത്ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിദിനങ്ങളിലും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പുകളില്‍ വിദ്യാര്‍ഥികളോടൊപ്പം പങ്കാളികളായി.
- Log in to post comments