Skip to main content

അടിമലത്തുറയിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ

 

അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പേരിൽ നടത്തുന്ന അനധികൃത ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ന്യായീകരിക്കാനാകില്ലെന്നും അതിനെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികൾക്കായി ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ ഭൂമിയിൽ ഭവന നിർമ്മാണത്തിന് തുടക്കംകുറിക്കാൻ നടപടികൾ ആരംഭിച്ചപ്പോൾ ആ സ്ഥലം ഭവന നിർമ്മാണത്തിന് യോജിച്ചതല്ലെന്നും കടലിനോട് ചേർന്ന് കിടക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ തടസ്സം പറഞ്ഞിരുന്നു. തുടർന്ന് ഫിഷറീസ് വകുപ്പ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. 

എന്നാൽ ഇതേ ആളുകൾ തന്നെ ഈ സർക്കാർ സ്ഥലം ഓരോരുത്തരിൽ നിന്നും ഒരു ലക്ഷം രൂപാ വീതം പിരിച്ചെടുത്ത് മൂന്ന് സെന്റ് ഭൂമി വീതം അനധികൃതമായി വീതിച്ച് നൽകിയതായാണ് അറിയാൻ കഴിഞ്ഞത്. 

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പണം വാങ്ങി വീതിച്ച് നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇത്തരത്തിലുള്ള അനധികൃത നടപടികൾ അംഗീകരിക്കാനാവില്ല. ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  

പി.എൻ.എക്സ്. 5661/18

date