Skip to main content

ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനുളള നടപടിയാവുന്നു

ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതിന് ജില്ലാ കലക്ടര്‍ യു.വി.ജോസ് നിര്‍ദ്ദേശിച്ചു.  കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ഭിന്നലിംഗ നീതി സമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. 
തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഭിന്നലിംഗക്കാരില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. ഡിസംബര്‍ 12 നകം അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. ഇതിനായി ഡിസംബര്‍ 18 മുതല്‍ നാല് ദിവസങ്ങളിലായി ക്യാമ്പ് സിറ്റിംഗ് നടത്തും. ഡിസംബര്‍ അവസാനത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
    ഭിന്നലിംഗക്കാരുടെ തുടര്‍ വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം പരിശീലനം എന്നിവയക്കും പദ്ധതികള്‍ ആവിഷ്‌കരിക്കും. 350 ലേറെ ഭിന്നലിംഗക്കാര്‍ ജില്ലയില്‍ ഉണ്ടെന്നാണ് ഇവരുടെ സംഘടയുടെ കൈയിലുളള കണക്ക്.  ഓരോ വ്യക്തിയുടേയും താല്‍പര്യം അനുസരിച്ചുളള തൊഴില്‍ പരിശീലനം നല്‍കാനാണ് തീരുമാനം. ജില്ലാ സാക്ഷരതാ മിഷന്‍, എംപ്ലോയ്‌മെന്റ് വകുപ്പ്, എന്നിവയുടെ പങ്കാളിത്വത്തോടെയാണ് തുടര്‍ വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുളള പദ്ധതി തയ്യാറാക്കുക. ജില്ലാ സാമൂഹ്യനീതി വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് പി. പരമേശ്വരന്‍ സംസാരിച്ചു.
 

date