Skip to main content

പദ്ധതി വിഹിതം ജനുവരി 15നകം പരമാവധി ചെലവഴിക്കണം: ജില്ലാ വികസന സമിതി യോഗം

പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനുവരി 15നകം പരാമാവധി തുക കാര്യക്ഷമമായി ചെലവഴിക്കണമെന്നും ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. നിലവില്‍ പദ്ധതി വിഹിതത്തില്‍ ജില്ല 10-ാം സ്ഥാനത്താണ്. മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍  ഡോ.ഡി.സജിത്ത് ബാബു അറിയിച്ചു. ഇതുവരെ 51 ശതമാനമാണ് ജില്ല ചെലവഴിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ 54.35 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 58.19 ശതമാനവും ജില്ലാ പഞ്ചായത്ത് 41.19 ശതമാനവും മുന്‍സിപ്പാലിറ്റികള്‍ 37.83 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്. 

   കിഫ്ബിയില്‍ ഉള്‍പ്പെടുത്തി  ഷിറിയ, ഉപ്പള, മൊഗ്രാല്‍, കാര്യങ്കോട് എന്നീ നദികളില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ 9 റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നതിനുള്ള  പ്രൊപ്പോസല്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇറിഗേഷന്‍ എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 11 നദികളിലും  റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുതിനുള്ള പ്രോജക്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ വികസന സമിതിയില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശിച്ചിരുന്നു. മറ്റു പുഴകളില്‍ റഗുലേറ്റര്‍, റഗുലേറ്റര്‍ കം ബ്രിഡ്ജ്,ചെക്ക് ഡാമുകള്‍ എന്നിവ നിലവിലുണ്ടെന്നും എക്‌സി.എഞ്ചിനീയര്‍ വ്യക്തമാക്കി. മടിക്കൈ പുളിക്കാല്‍ വി.സി.ബി. കം ബ്രിഡ്ജ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി അഞ്ചിനകം യോഗം ചേരും. 
നീലേശ്വരം പോലീസ് സ്റ്റേഷന്‍ മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയുടെ ഉപരിതലം പുതുക്കുന്നതിനായി കണക്കാക്കിയിട്ടുള്ള  7.46 കോടി രൂപ സംസ്ഥാന ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ എം.രാജഗോപലന്‍ എംഎല്‍എ അറിയിച്ചു. 
ജില്ലയില്‍ സോളാര്‍ പവര്‍ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി  കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍(കാഞ്ഞങ്ങാട്) എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയില്‍ 30 മെഗാവാട്ട്(3000 കിലോവാട്ട്) വൈദ്യുതിയാണ് സൗരോര്‍ജ പദ്ധതിയില്‍ നിന്ന് ഉദ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. കുറഞ്ഞത് 200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ വീടുകള്‍ക്കോ സ്വകാര്യ കെട്ടിടങ്ങള്‍ക്ക് മുകളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുകളിലോ കെഎസ്ഇബി സൗജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഇതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം ഉടമയ്ക്കും ബാക്കിയുള്ളത് ആവശ്യമെങ്കില്‍ നിശ്ചിത നിരക്കില്‍ ഉടമയ്ക്ക് നല്‍കും. വീട്ടുടമയ്ക്ക് സ്വന്തം ചെലവിലും സ്ഥാപിക്കാം. 200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് 1.30 ലക്ഷം രൂപ ചെലവും വരും. 
ജില്ലയില്‍ നിലവില്‍ അറ്റകുറ്റ പണികള്‍ വേണ്ടത് 10 തൂക്കുപാലങ്ങള്‍ക്കാണെന്നും ഇതിനായി 1.8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പാലങ്ങള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാരെയും അതാത് മണ്ഡലങ്ങളിലെ എംഎംഎമാരെയും ഉള്‍പ്പെടുത്തി 10 ദിവസത്തിനകം കളക്ടറുടെ ചേംബറില്‍ യോഗം ചേരുവാനും ജില്ലാ വികസന സമിതിയില്‍ തീരുമാനിച്ചു.
    കാലവര്‍ഷത്തില്‍ തകര്‍ന്ന ബാവിക്കര ജി.എല്‍.പി. സ്‌കൂളിനായി പുതിയതായി നിര്‍മ്മിക്കുന്ന രണ്ടു കെട്ടിടങ്ങളും 2019 ജൂണ്‍ മാസത്തിനകം പൂര്‍ത്തിയാക്കുവാന്‍ ജില്ലാ വികസന സമിതിയോഗം നിര്‍ദേശിച്ചു. സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിലവില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 1.5 കോടി രൂപ ലഭ്യമാക്കും. തകര്‍ന്ന കെട്ടിടത്തിന് പുറമെയുള്ള കെട്ടിടവും സുരക്ഷിതമല്ലാത്തതിനാല്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്നു ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളിന്റെ പരിസരത്ത് മറ്റ് കെട്ടിടങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ക്ലാസുകള്‍ നിലവില്‍ മദ്രസയില്‍ തന്നെ തുടരുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
ജില്ലയില്‍ 2015-16 മുമ്പ് 90 ശതമാനം പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിച്ചുതുടങ്ങാന്‍ കഴിയാത്ത കെട്ടിടങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഒരു മാസത്തിനകം  റിപ്പോര്‍ട്ട് നല്‍കാന്‍ വികസന സമിതി അധ്യക്ഷന്‍കൂടിയായ ജില്ലാകളക്ടര്‍  പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനു നിര്‍ദേശം നല്‍കി. ചെറിയതോതില്‍ നിര്‍മ്മാണങ്ങള്‍ ബാക്കിയുള്ളതിനാലും വൈദ്യുതീകരണം പൂര്‍ത്തിയാകത്തതിനാലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.  വ്യവസായ ആവശ്യത്തിനുവേണ്ടി വിട്ടുനല്‍കിയ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഭൂമിയില്‍ ഇതുവരെ വ്യവസായങ്ങള്‍ ആരംഭിച്ചതും ആരംഭിക്കാത്തതുമായവയെ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ അഞ്ചദിവസത്തിനകം സമര്‍പ്പിക്കുവാന്‍ വ്യവസായകേന്ദ്രം ജനറല്‍ മാനേജറിന് സമിതി നിര്‍ദേശം നല്‍കി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് കോംപോണന്റ് സെപറേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്ന മുറിയുടെ അറ്റകുറ്റപ്പണിയുടെ ടെണ്ടര്‍ നടപടികള്‍ ജനുവരി ആദ്യവാരം പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ തുടങ്ങുവാന്‍ കഴിയുമെന്ന് പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ്‌സ് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. 
എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, കാസര്‍കോട് ആര്‍ഡിഒ അബ്ദു സമദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

date