Skip to main content

ദിശ യോഗം ചേര്‍ന്നു വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണം: എംപി

 കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അവയുടെ യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണമെന്നും പി. കരുണാകരന്‍ എം.പി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ (ഡിഡിസിഎംസി/ദിശ) മൂന്നാം പാദത്തിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനോപകാരം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും തുക അനുവദിക്കുകയും ചെയ്യുന്ന പദ്ധതികള്‍ താഴേ തട്ടില്‍ എത്തിക്കുന്നതിന് പ്രധാന ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും അത് ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തില്‍ സ്ഥാപന അധികൃതര്‍ ശരിയായ ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് റിപ്പോര്‍ട്ടവതരിപ്പിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൃത്യമായ ഇടവേളകളില്‍ വേതനം ലഭ്യമാകാത്തത് പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അവിദഗ്ധ വേതനയിനത്തില്‍ 19.86 കോടി രൂപയും മെറ്റീരിയല്‍ ഇനത്തില്‍ 77 ലക്ഷം രൂപയും കുടിശ്ശികയായിട്ടുണ്ടെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. ഇതില്‍ മെറ്റീരിയല്‍ തുക ഈ മാസം തന്നെ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. 
    2019 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 19  ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് ഓരോ ഗ്രാമപഞ്ചായത്തിലും നഴ്‌സറികള്‍ ആരംഭിച്ച് ചുരുങ്ങിയത് 50,000 തൈകള്‍ ഉത്പാദിപ്പിക്കാനും നിര്‍ദേശം നല്‍കി.
    പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ജില്ലയില്‍ 2018 നവംബര്‍ 30 വരെ ആകെ 238.72 കി.മീ. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഇതിനായി 12435.13 ലക്ഷം രൂപ ചിലവഴിച്ചു.
    ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഭവനങ്ങള്‍ നല്‍കുന്ന ഇന്ദിരാ ആവാസ് യോജന ജില്ലയില്‍ ഇതുവരെ 10,640 വീടുകളും പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 484 വീടുകളും നിര്‍മ്മിച്ചു നല്‍കി. 
    തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനകള്‍ രൂപീകരിച്ചു. അതില്‍ 14 പഞ്ചായത്തുകളിലും 1 നഗരസഭയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
    പെന്‍ഷന്‍ ലഭിക്കുന്നതിനായി ചിലര്‍ വ്യാജമായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതായും അധികൃതരെ തെറ്റദ്ധരിപ്പിക്കുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പെന്‍ഷന്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള പൂര്‍ണാധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ അതനുസരിച്ച് പെന്‍ഷന്‍ തുകയനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിനാല്‍ ജനസഭകള്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും എംപി വ്യക്തമാക്കി.
    സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഗുണമേന്മ പരിശോധിക്കാന്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ജൈവപച്ചക്കറികള്‍ ലഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാചക തൊഴിലാളികള്‍ക്ക് ശുചിത്വ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്നും എല്ലാ സ്‌കൂളുകളിലും പാചകവാതക കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    തൊഴിലുറപ്പു പദ്ധതി പ്രകാരം 200 തൊഴില്‍ ദിനങ്ങള്‍ നേടിയ ബി. സുശീല (പുത്തിഗെ പഞ്ചായത്ത്), പാര്‍വതി( ബെള്ളൂര്‍), പള്ളത്താന്‍-മാണിക്യം ദമ്പതികള്‍ (വെസ്റ്റ് എളേരി) എന്നിവരെ യോഗത്തില്‍ എം.പി ആദരിച്ചു.
    പ്രളയ ദുരന്തകാലത്ത് ആലപ്പുഴയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അനുമോദനപത്രം നല്‍കി ആദരിച്ചു.
ജില്ലാ കളക്ടര്‍  ഡോ.ഡി.സജിത്ത് ബാബു,ജനപ്രതിനിധികള്‍, അഡീഷണല്‍ ഡവലപ്പമെന്റ് ഓഫീസര്‍ വിപിന്‍ ജോബ് വര്‍ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date