Skip to main content

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും - മന്ത്രി കെ.കെ ശൈലജ

5.94 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ ഫണ്ടിനോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ  ലക്ഷ്യ ഫണ്ടിന്റെയും സഹായത്താല്‍ രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യം മുഖേന 5.94 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്ത് പ്രസവ സുശ്രുഷ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.  ആരോഗ്യമേഖലയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഓരോ വര്‍ഷവും കൂടുതല്‍ മികച്ച പ്രവര്‍ത്തനമാണ് കേരളം കാഴ്ച്ച വെച്ചിട്ടുള്ളതെന്നും മാതൃ - ശിശു മരണനിരക്ക്  മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇവിടെ  കുറവാണെന്നും മന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങള്‍ മൂലമുള്ള മരണ സംഖ്യ കുറക്കാന്‍ എല്ലാവരും ശ്രമിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 266 പുതിയ തസ്തികകള്‍ ആരോഗ്യമേഖലയില്‍ പുതുതായി ജില്ലയില്‍ മാത്രംസൃഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 32 തസ്‌കകള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരു പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാവണം ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാതൃ ശിശു വിഭാഗത്തില്‍ നിരവധി പുതിയ മാറ്റങ്ങളും വികസന പ്രവര്‍ത്തനങ്ങളും  വരും ദിനങ്ങളില്‍ വരികയാണെന്നും എം.എല്‍.എ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിംങ് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും ഇതിന് വേണ്ടിയുള്ള തുക കിഫ്ബി വഴി കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്കില്‍ 30 ബെഡ്ഡുകളുള്ള പ്രസവ വാര്‍ഡ്, 20 ബെഡ്ഡുകളോട് കൂടിയ കുട്ടികളുടെ വാര്‍ഡ്, അത്യാധുനിക ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍, ഗൈനക് പീഡിയാട്രിക് ഒ.പി വിഭാഗം നവജാത ശിശു സംരക്ഷണ വിഭാഗം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയില്‍ തിരൂര്‍ എം.എല്‍.എ സി മമ്മൂട്ടി അധ്യക്ഷനായി. പാര്‍ലമെന്റ് മെമ്പര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, നഗരസഭ ചെയര്‍മാന്‍ കെ.ബാവ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദില്‍ഷ മുല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

 

date