Skip to main content

കൈയെത്തും ദൂരത്ത്: മുഖ്യമന്ത്രി 7ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും

 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കൈയെത്തും ദൂരത്ത് അദാലത്തിലൂടെ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഗ്വാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനും അര്‍ഹത നേടിയവര്‍ക്ക് ഡിസംബര്‍ 7ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 2404 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളും 747 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്യുന്നത്. 
ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തിയാണ് അര്‍ഹരായവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത്.  ഭിന്ന ശേഷിക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോമ്പസിറ്റ് റീജ്യനല്‍ സെന്റര്‍ (സി.ആര്‍.സി), ജില്ലാ കലക്‌ടേര്‍സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലെ ഇന്റേണ്‍സ്, കംമ്പാഷനേറ്റ് കോഴിക്കോട് കൂട്ടായ്മയുമാണ് അദാലത്തിന് ആവശ്യമായ സന്നാഹങ്ങളെല്ലാം സജ്ജമാക്കിയത്.  
ജില്ലയില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് 10,072 അപേക്ഷകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന്, ഒന്നാം ഘട്ടമായി 5191 അപേക്ഷകള്‍ പരിഗണനയ്‌ക്കെടുത്തു. ഭിന്നശേഷി ഉള്ളവരില്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പിന് മുന്നോടിയായി നടത്തേണ്ട വ്യത്യസ്ത പരിശോധനകളായ ബുദ്ധി/ കേള്‍വി പരിശോധനകള്‍ സി.ആര്‍.സി, ഇംഹാന്‍സ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നടത്തപ്പെട്ടു. തുടര്‍ന്ന്, കോഴിക്കോട് ജില്ലയെ ഏഴ് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും നാല് മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ എന്ന നിലയില്‍ 26 ക്യാമ്പുകള്‍ സെപ്റ്റംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 20 വരെ നടത്തി. ഓരോ ക്യാമ്പിലും 5 സ്‌പെഷ്യലിസ്റ്റ് സര്‍ക്കാര്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സജ്ജീകരണങ്ങളും  ഉറപ്പു വരുത്തിയിരുന്നു.
വടകരയില്‍  279 പേര്‍ക്കും, കൊയിലാണ്ടിയില്‍ 360 പേര്‍ക്കും, കുറ്റ്യാടിയില്‍ 253 പേര്‍ക്കും, നാദാപുരത്ത് 180 പേര്‍ക്കും, താമരശ്ശേരിയില്‍    318 പേര്‍ക്കും, കോഴിക്കോട് 474 പേര്‍ക്കും, ഫറോക്കില്‍ 540 പേര്‍ക്കുമാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ജില്ലയില്‍ കെട്ടിക്കിടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന്റെ അപേക്ഷകള്‍ ഒന്നൊഴിയാതെ പരിഹരിക്കുവാനും പുതിയ ഗുണഭോക്താക്കള്‍ക്ക് കൂടി ലീഗല്‍  ഗാര്‍ഡിയന്‍ഷിപ്പുകള്‍ ലഭ്യമാക്കുവാനും അദാലത്തിലൂടെ സാധിച്ചു. നവംബര്‍ 6 മുതല്‍ 20 വരെ 6 വ്യത്യസ്ത ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്തുകള്‍  സംഘടിപ്പിക്കപ്പെട്ടു. വടകരയില്‍ 138 പേര്‍ക്കും കൊയിലാണ്ടിയില്‍ 139 പേര്‍ക്കും കുറ്റ്യാടിയില്‍ 61 പേര്‍ക്കും നാദാപുരത്ത്     31 പേര്‍ക്കും താമരശ്ശേരിയില്‍    118 പേര്‍ക്കും കോഴിക്കോട് 152 പേര്‍ക്കും ഫറോക്ക്    108 പേര്‍ക്കുമാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുക.
 

date