ഡെങ്കിക്കെതിരെ ഒരു ഗോള്‍; ഉറവിട നശീകരണത്തിന് വിദ്യാലയങ്ങളില്‍ കിക്കോഫ്
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഡെങ്കിക്കെതിരെ ഒരു ഗോള്‍' ഉറവിട നശീകരണ ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്സല് പ്രതിജ്ഞ ചൊല്ലി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് ലുക്മാന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി ഗിരീഷ് കുമാര്‍, പ്രധാനാധ്യാപിക സി ഷീന, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ പി റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി വിനയ രാമചന്ദ്രന്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹസിന്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് ഷഹര്‍ബാനു, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ, പി.ടി.എ വൈസ് പ്രസിഡന്റ് റീമാ ഷിജോ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അടുത്ത ദിവസങ്ങളില്‍ 'ഡെങ്കിക്കെതിരെ ഒരു ഗോള്‍ ഉറവിട നശീകരണ ക്യാമ്പയിന്' സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.
ഡെങ്കിപ്പനി: കരുതല്‍ വേണം
വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരങ്ങളിലുമായാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വെള്ളം സംഭരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍ വളര്‍ത്തുന്ന ചെടിച്ചട്ടി, ചെടികളുടെ അടിയില്‍ വെക്കുന്ന ട്രേ, ഉപേക്ഷിച്ച ടയറുകള്‍, വിറകും മറ്റും മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന് പാളകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.
വീടിനകത്ത് മണി പ്ലാന്റോ മറ്റ് ചെടികളോ വളര്‍ത്തുന്നതും അപകടമാണ്. ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കണം.
രോഗലക്ഷണങ്ങള്‍
പനിയോടൊപ്പം തലവേദന, കണ്ണിന് പിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കല്, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില് തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണം.
ഡെങ്കിപ്പനി ബാധിതര്‍ പകല്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധവേണം.
- Log in to post comments