Skip to main content

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

കാരന്തൂര്‍ മുതല്‍ പാറക്കടവ് പാലം വരെ റോഡ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനാല്‍ ജൂണ്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാരന്തൂര്‍-തുറയില്‍ കടവ് പാലം വഴി പോകണം.

പനി, മഴക്കാല രോഗങ്ങള്‍ പ്രത്യേക ക്ലിനിക്

എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി, മഴക്കാല രോഗങ്ങള്‍ എന്നിവക്ക് പ്രത്യേക ക്ലിനിക് ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പ്രവര്‍ത്തന സമയം. 

അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് കൊടുവള്ളി പ്രോജക്ടിന് കീഴില്‍ കൊടുവള്ളി നഗരസഭയില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സില്‍ കവിയാത്തവരുമായ നഗരസഭയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10  വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവള്ളി, കോഴിക്കോട് -673572. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0495-2211525 നമ്പറില്‍ വിളിക്കാം.

പ്രിന്റിങ് ടെക്‌നോളജി കോഴ്സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപറേഷന്‍, പ്രസ് വര്‍ക്ക്, പോസ്റ്റ് പ്രസ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.എസ്.എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ്സെന്റര്‍, ബൈരായിക്കുളം എല്‍.പി സ്‌കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് -673004 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2723666, 0495 2356591, 9496882366. ഇ-മെയില്‍:  kozhikode@captkerala.com.

തൊഴില്‍ പരിശീലന കോഴ്സുകള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് എന്നിവയില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയില്‍ കൗണ്‍സലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കും. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗക്കാരായ വനിതകള്‍ക്ക് മുന്‍ഗണന. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ പരിശീലനം നേടിയവരാകണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും കൗണ്‍സിലിങ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 25-45. 
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 27ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാം നില) അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.

date