പള്‍സ് പോളിയോ ഇമ്യൂണൈസേഷന്; ജില്ലയില്‍ 1,89,345 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
ജില്ലാതല ഉദ്ഘാടനം നാദാപുരം കല്ലാച്ചി എം.എല്‍.പി സ്കൂളില്‍
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 28) രാവിലെ 10ന് നാദാപുരം കല്ലാച്ചി എം.എല്‍.പി സ്കൂളില്‍ കെ എം അഭിജിത്ത് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനാകും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് മുഖ്യാതിഥിയാകും. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. 2,187 ബൂത്തുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലുള്‍പ്പെടെയാണ് ബൂത്തുകള്‍ ക്രമീകരിക്കുക.
സാധാരണ ബൂത്തുകള്‍ക്ക് പുറമെ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നല്കാന് 54 ട്രാന്‍സിറ്റ് ബൂത്തുകള്‍, 50 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ഒരുക്കും. റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്, സാക്ഷരതാ മിഷന് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടക്കുക.
- Log in to post comments