Skip to main content
കോഴിക്കേട് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ  മുഖ്യാതിഥി മന്ത്രി ബിന്ദു കൃഷ്ണ ദേശിയ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനാഘോഷം: കോഴിക്കോട്ട് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയർത്തി

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഷൗക്കത്തലി എ.പി, റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എന്നിവരും പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു. പരേഡ് കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് റൂറലിലെ റിസർവ് ഇൻസ്പെക്ടർ ശ്രീ. ജോസ് ജോർജും രണ്ടാം ഇൻ കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റിയിലെ എസ്.ഐ പ്രവീൺ രാജ് കെ.യും നേതൃത്വം നൽകി.

വിവിധ പൊലീസ് സേനാവിഭാഗങ്ങൾ, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റി, ഡി.എച്ച്.ക്യു കോഴിക്കോട് റൂറൽ, ലോക്കൽ പോലീസ് കോഴിക്കോട് സിറ്റി, ലോക്കൽ പോലീസ് വനിതാ വിഭാഗം, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ, എൻ.സി.സി സീനിയർ ആർമി, സീനിയർ ആർമി ഗേൾസ്, സീനിയർ നേവി, ജൂനിയർ ആർമി, ജൂനിയർ ആർമി ഗേൾസ്, ജൂനിയർ നേവി ബോയ്സ്, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി ഗേൾസ്, വിവിധ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയവയാണ് പരേഡിൽ പങ്കെടുത്തത്.

തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സേനാ വിഭാഗത്തിൽ ഡി.എച്ച് ക്യു കോഴിക്കോട് സിറ്റിയും കുട്ടികളുടെ വിഭാഗത്തിൽ ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി എസ്. പി.സിയുമാണ് ഒന്നാം സ്ഥാനം നേടിയത്. ദേശീയഗാനത്തോടെ പരേഡ് സമാപിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എമായ കെ. ജയന്ത്, കെ. ഫൈസൽ ബാബു, കെ. പ്രവീൺ കുമാർ, എം.എ റസാഖ് മാസ്റ്റർ, കെ.എം അഭിജിത്ത്, വി.ടി സൂരജ്, വിദ്യാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, സബ് കളക്ടർ എസ്. ഗൗതം രാജ്, എ.ഡി.എം ഷറീന കെ., ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ പങ്കെടുത്തു.

സ്വാതന്ത്ര്യം ഭയമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശമാകണം: മന്ത്രി ബിന്ദു കൃഷ്ണ

സ്വാതന്ത്ര്യം വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമല്ലെന്നും ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വാസവും സംസ്കാരവും സംരക്ഷിക്കാനും തൊഴിൽ ചെയ്യാനും തുല്യ അവസരങ്ങൾ നേടാനും മാന്യമായി ജീവിക്കാനുമുള്ള അവകാശം കൂടിയാണെന്നും തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് നടന്ന ജില്ലാതല ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

1947 ആഗസ്റ്റ് 15ന് ഇന്ത്യ നേടിയ സ്വാതന്ത്ര്യം ഒരു ഭരണകൂടത്തിന്റെ മാറ്റം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളോളം നീണ്ട അധിനിവേശത്തിനെതിരെ സാധാരണ മനുഷ്യർ ഉൾപ്പെടെ നടത്തിയ മഹത്തായ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായിരുന്നു അത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, മൗലാനാ അബുൽ കലാം ആസാദ്, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങി എണ്ണമറ്റ പോരാളികളുടെ ത്യാഗമാണ് നമുക്ക് സ്വതന്ത്ര ഇന്ത്യ സമ്മാനിച്ചത്. അവരുടെ പോരാട്ടം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മാത്രമായിരുന്നില്ലെന്നും മനുഷ്യന്റെ അന്തസ്സും തുല്യതയും നീതിയും സ്വാഭിമാനവും ഉറപ്പാക്കുന്ന ഇന്ത്യയ്ക്കുവേണ്ടിയുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എൺപത് വർഷത്തിനിടെ ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, ഡിജിറ്റൽ മേഖല, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചു. അതോടൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം, കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ട്.

കൃത്രിമബുദ്ധിയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും വളർച്ച തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമ്പോൾ ഡിജിറ്റൽ അസമത്വം, സ്വകാര്യത, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ഗൗരവമായി കാണണം. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതി നാശം തുടങ്ങിയവയും വരും തലമുറയെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളാണ്.

വൈവിധ്യങ്ങളെ ബഹുമാനിച്ച് ഒരുമിച്ച് മുന്നേറുന്നതാണ് ഇന്ത്യയുടെ ശക്തി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ അവയുടെ പേരിൽ വിദ്വേഷവും ഭിന്നിപ്പും വളരാൻ അനുവദിക്കരുത്. വിമർശിക്കാനും വിയോജിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ ശക്തിയാണെന്നും ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

കേരളം മനുഷ്യവികസനത്തിന് എന്നും പ്രാധാന്യം നൽകിയ സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണ്. വികസനം കെട്ടിടങ്ങളിലും റോഡുകളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും സാധാരണ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റമാണ് യഥാർഥ വികസനമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സ്വാതന്ത്ര്യം സാമൂഹിക പുരോഗതിയുടെ പ്രധാന അളവുകോലാണ്. സുരക്ഷിതമായി സഞ്ചരിക്കാനും സ്വന്തം വരുമാനം നേടാനും ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനിക്കാനും സ്ത്രീകൾക്ക് കഴിയണം. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെയും സഞ്ചാരവും സാമ്പത്തിക സ്വാതന്ത്ര്യവും ശക്തിപ്പെടുത്തുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള ഇടപെടലുകൾ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകളാണ്. വനിതാ ശിശു വികസന വകുപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്ഷേമം, സംരക്ഷണം, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായി വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.

തൊഴിൽ ഒരു ദാനമല്ല, അവകാശമാണ്. മാന്യമായ വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഓരോ തൊഴിലാളിയുടെയും അവകാശമാണ്. തൊഴിൽ അവസരങ്ങളും സ്വയംതൊഴിൽ സാധ്യതകളും വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും സമ്പന്നമായ പാരമ്പര്യമുള്ള നാടാണ് കോഴിക്കോട്. മതസൗഹാർദവും സാഹോദര്യവും സാംസ്കാരിക വൈവിധ്യവും ഈ നാടിന്റെ ശക്തിയാണ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ പി.വി. വിക്രമിന്റെ പേരിലുള്ള മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും എല്ലാവരെയും ചേർത്തുപിടിച്ചും കൂടുതൽ നീതിപൂർണവും സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ ഇന്ത്യയും കേരളവും കെട്ടിപ്പടുക്കാൻ ഒരുമിച്ച് മുന്നേറണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ സ്മരിച്ചുകൊണ്ട് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന പ്രതിജ്ഞയോടെ മുന്നേറണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല ചടങ്ങിൽ ദേശീയപതാക ഉയർത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വിവിധ പൊലീസ് സേനാവിഭാഗങ്ങൾ, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ബാൻഡ് ടീം എന്നിവയിൽ നിന്നായി 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

date