സപ്ലൈകോ ഓണം ജില്ലാ ഫെയർ ഓഗസ്റ്റ് 13 മുതൽ കോട്ടമൈതാനത്ത് മന്ത്രി കെ എ തുളസി ഉദ്ഘാടനം നിർവഹിക്കും
സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം കോട്ടമൈതാനത്ത് ഓഗസ്റ്റ് 13ന് വൈകീട്ട് 5ന് മന്ത്രി കെ എ തുളസി നിർവഹിക്കും. രമേഷ് പിഷാരടി എം.എൽ.എ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എം പി മുഖ്യാതിഥിയാകും.
ജില്ലാ ഫെയർ ഉത്രാടം നാൾ വരെ പ്രവർത്തിക്കും. ഇതിനുപുറമേ ഓഗസ്റ്റ് 20 മുതൽ ഉത്രാടം വരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുകൾ ഉണ്ടാകും. എല്ലാ ജില്ലാ ഫെയറുകളിലും മിൽമ, ഹോർട്ടി കോർപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കാർഡിലൂടെ സബ്സിഡി നിരക്കിൽ ലഭ്യമാക്കും. സപ്ലൈകോ റേഷൻകട വഴി എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 16 ഇനം അവശ്യസാധനങ്ങൾ അടങ്ങുന്ന സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നു. ലാഭകരമായ വിലയിൽ 4 തരം കിറ്റുകളും വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഓണം ഗിഫ്റ്റ് കാർഡുകൾ സമ്മാനിക്കുന്നതിനൊപ്പം ഗിഫ്റ്റ് കാർഡ് റെഡീം ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. 1000 രൂപയുടെ ഓരോ പർച്ചേസിനും ഒരു ഗിഫ്റ്റ് കൂപ്പണും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 1500 രൂപയ്ക്ക് മുകളിൽ സബ്സിഡിഇതര സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപയുടെ ബോണസ് കൂപ്പൺ, ശബരി, മറ്റ് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകളും വൻ വിലക്കുറവും ഉപഭോക്താക്കൾക്കായി സപ്ലൈകോ ലഭ്യമാക്കുന്നുണ്ട്.
എം.എൽ.എമാരായ എ. പ്രഭാകരൻ, കെ. പ്രേമൻ, കെ. സുമേഷ് അച്യുതൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ആദ്യവില്പനയും, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പി. സ്മിതേഷ് ആദ്യ സമൃദ്ധികിറ്റ് വില്പനയും നടത്തും. ജില്ലാ കലക്ടർ കെ. സുധീർ, വാർഡ് കൗൺസിലർ പ്രദീപ, സപ്ലൈകോ റീജിയണൽ മാനേജർ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസർ എ എസ് ബീന, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments