Skip to main content

പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ  പുതിയ വിഐപി ബ്ലോക്കിന്റെ  നിര്‍മാണോദ്ഘാടനം നാളെ (18)

 

പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ പുതിയ വിഐപി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നാളെ (18) പകല്‍ 11:30ന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വിശ്രമകേന്ദ്ര പരിസരത്ത് ചേരുന്ന യോഗത്തില്‍ വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. 

110 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടവും 1982ല്‍ നിര്‍മിച്ച മറ്റൊരു കെട്ടിടവുമാണ് പത്തനംതിട്ട വിശ്രമകേന്ദ്രത്തില്‍ നിലവില്‍ ഉള്ളത്. 8468 സ്‌ക്വയര്‍ ഫീറ്റിലാണ് മൂന്ന് നിലകളോടു കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടു കൂടിയ നാല് വിഐപി മുറികളും മുകളില്‍ നൂറ് പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. രണ്ടര കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വീണാജോര്‍ജ് എം.എല്‍.എയുടെ ശ്രമഫലമായാണ് പുതിയ കെട്ടിടത്തിന് നിര്‍മാണാനുമതി ലഭിച്ചത്. ജില്ലയില്‍ ആകെ ഒമ്പത് സര്‍ക്കാര്‍ മന്ദിരങ്ങളാണ് ഉള്ളത്. വിശ്രമകേന്ദ്രത്തിലെ പഴയ കെട്ടിടങ്ങളിലെ രണ്ട് വിഐപി റൂമുകളും പുതിയ കെട്ടിടത്തിലെ എട്ട് വിഐപി റൂമുകളും കൂടി ചേരുമ്പോള്‍ ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിശ്രമകേന്ദ്രമായി ഇത് മാറും. പതിനഞ്ച് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 

എം.എല്‍.എമാരായ മാത്യു.ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ്, പത്തനംതിട്ട നഗരസഭ അധ്യക്ഷ അഡ്വ.ഗീതാ സുരേഷ്, നഗരസഭ പ്രതിപക്ഷനേതാവ് പി.കെ അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍ സുശീല പുഷ്പന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ഇ.കെ ഹൈദ്രു, ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഡി.ഹരിലാല്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് സുധ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

          (പിഎന്‍പി 167/19)

date