Skip to main content

വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

                                                                                                                                       പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന വെള്ളാണിക്കൽ പാറയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നീക്കം ചെയ്തു. വിനോദ സഞ്ചാര പ്രാധാന്യമുള്ള ഈ 80 ഏക്കർ പ്രദേശം സന്ദർശകരുടെ അശ്രദ്ധമൂലം മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ പോത്തൻകോട് എൽ.വി.എച്ച്.എസ് എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് മാലിന്യ നീക്ക യജ്ഞത്തിനു പിന്നിൽ.

30 മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെനിന്നു ശേഖരിച്ചത്. പ്രദേശത്തെ മാലിന്യ മുക്തമാക്കാൻ ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽക്കാനും കുട്ടികൾ ആലോചിക്കുന്നുണ്ട്.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ നിർവ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്, സ്‌കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിമാലിന്യ സംസ്‌കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു.
(പി.ആർ.പി. 49/2019)

 

date