സെല്ലുലോയ്ഡ് ഫിലിം ഫെസ്റ്റിവലിനു തുടക്കമായി പ്രദർശനത്തിന് കുട്ടികൾ നിർമിച്ച 30 സിനിമകൾ
കേരളീയ സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ചയുമായി അനന്തപുരിയിൽ കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ. സെല്ലുലോയ്ഡ് എന്നു പേരിട്ടിരിക്കുന്ന ഫെസ്റ്റിവൽ വിഷയ വൈവിധ്യംകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്നു വഴുതക്കാട് ലെനിൻ ബാലവാടിയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ഇന്ന് (ജനുവരി 16) സമാപിക്കും.
കുട്ടികൾ തയാറാക്കിയ 16 ചിത്രങ്ങളാണ് മേളയുടെ ആദ്യ ദിനം പ്രദർശിപ്പിച്ചത് പ്രളയത്തിൽനിന്നു കേരളത്തെ രക്ഷിക്കുന്നതിൽ വലിയ കൈത്താങ്ങായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ന•-യെ ഓർമിപ്പിച്ച വെള്ളനാട് വി. ആൻഡ് എച്ച്.എസ്.എസ്. തയാറാക്കിയ കുട എന്ന ചിത്രം കൈയടി നേടി. കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ് വെങ്ങാന്നൂർ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് നിർമിച്ച അരുത് എന്ന ചിത്രവും ആദ്യ ദിനത്തിൽ ശ്രദ്ധേയമായി.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, പെൺകുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം തുടങ്ങിയവ പ്രമേയമാക്കിയ ചിത്രങ്ങളും ശ്രദ്ധേയമായി. ഓരോ ചിത്രങ്ങൾക്കു ശേഷവും ഓപ്പൺ ഫോറവും സംഘടിപ്പിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ, സന്തോഷ് സൗപർണിക തുടങ്ങിയ പ്രമുഖർ ഓപ്പൺ ഫോറങ്ങളിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്നു കുട്ടികളുമായി സംവദിക്കാൻ ചലച്ചിത്രോത്സവ വേദിയിലെത്തും.
ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 30 വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ സ്വന്തമായി നിർമിച്ച ചിത്രങ്ങളാണ് സെല്ലുലോയ്ഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്നാണു ജില്ലയിലെ വിദ്യാലയങ്ങളിൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഫിലിം ക്ലബ് തുടങ്ങിയത്.
(പി.ആർ.പി. 51/2019)
- Log in to post comments