Skip to main content

കോർപറേഷന്റെയും പാനൂർ നഗരസഭയുടെയും  വാർഷിക പദ്ധതികൾക്ക് അംഗീകാരം

 

ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കണ്ണൂർ കോർപറേഷന്റെയും പാനൂർ നഗരസഭയുടെയും 2019-20 വർഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയതോടെ ജില്ലയിലെ 93 തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. കണ്ണൂർ കോർപറേഷന്റെയും പാനൂർ നഗരസഭയുടെയും പദ്ധതികൾ ഭേദഗതികളോടെയാണ് അംഗീകരിച്ചത്. 

2018-19 വർഷത്തെ പദ്ധതി ചെലവിൽ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി യോഗാധ്യക്ഷൻ ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. 60.48 ആണ് ജില്ലയുടെ പദ്ധതി ചെലവ്. ഇത് സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 61.37 ശതമാനത്തോടെ കൊല്ലം മാത്രമാണ് കണ്ണൂരിന് മുന്നിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പദ്ധതി നിർവഹണത്തിൽ വലിയ പുരോഗതി ജില്ലയ്ക്ക് കൈവരിക്കാനായതായി പ്രസിഡൻറ് പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ രാമന്തളിയാണ് ഒന്നാമത്-92.04 ശതമാനം. മൊകേരി (85.82), എരമം-കുറ്റൂർ (84.52), കരിവെള്ളൂർ-പെരളം (81.99), ചെങ്ങളായി (80.12) എന്നിവയാണ് തൊട്ടുപിറകിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ പാനൂരാണ് മുന്നിൽ-85.82 ശതമാനം. തളിപ്പറമ്പ് (85.69), പയ്യന്നൂർ (75.63), തലശ്ശേരി (74.6), കൂത്തുപറമ്പ് (74.31) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. നഗരസഭകളിൽ തളിപ്പറമ്പാണ് മുന്നിൽ-67.15 ശതമാനം. ആന്തൂർ (59.4), കൂത്തുപറമ്പ് (58.14), ഇരിട്ടി (53.5), ശ്രീകണ്ഠപുരം (52.53) എന്നിവയാണ് അഞ്ചു വരെ സ്ഥാനങ്ങളിൽ. കണ്ണൂർ കോർപറേഷന്റെ പദ്ധതി ചെലവ് 42.27 ശതമാനവും ജില്ലാ പഞ്ചായത്തിന്റേത് 61.73 ശതമാനവുമാണ്.

ജില്ലയിൽ ഹോം സ്‌റ്റേകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് പ്രസിഡൻറ് പറഞ്ഞു. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ താമസ സൗകര്യത്തിന്റെ അപര്യാപത്ത നിലവിലുണ്ട്. ഇത് പരിഹരിക്കാൻ ഹോംസ്‌റ്റേ സഹായകമാവും. കോർപറേഷന് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.

ഹൈക്കോടതി നിർദേശ പ്രകാരം, തദ്ദേശ സ്ഥാപന പരിധിയിൽ ഹോർഡിംഗുകളും കമാനങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് തളിപ്പറമ്പ് നഗരസഭ തയാറാക്കിയ ബൈലോ യോഗത്തിൽ അവതരിപ്പിച്ചു. ഇത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്ന് പ്രസിഡൻറ് പറഞ്ഞു. ജില്ലയിൽ നിരോധിച്ച ഫ്‌ളക്‌സ് ബോർഡുകൾ വെക്കാൻ അനുവദിക്കരുത്. അനുമതി കൂടാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ നടപടിയിലേക്ക് നീങ്ങണമെന്നും പ്രസിഡൻറ് പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതി പ്രകാരം വീടുകളിൽ മാലിന്യ നിർമ്മാർജനത്തിനായുള്ള കമ്പോസ്റ്റ് കുഴികൾ കുഴിക്കുന്നതിന് അനുവാദമുണ്ടെന്ന് പ്രസിഡൻറ് അറിയിച്ചു. ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും ഇത് ചെയ്യാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ തൊഴിൽ കുറയുന്നുവെന്ന പരാതിയുണ്ട്. മാർച്ചോടെ എല്ലാ വീടുകളിലും കമ്പോസ്റ്റ് കുഴികൾ കുഴിക്കുന്ന പ്രവൃത്തി ചെയ്താൽ വലിയ മാറ്റം കൈവരിക്കാൻ കഴിയും. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ളതിനാൽ 2018-19 വർഷത്തെ വിവിധ പദ്ധതികളുടെ ടെൻഡർ നടപടി ക്രമങ്ങളും മറ്റും അടിയന്തരമായി പൂർത്തിയാക്കണമെന്ന് പ്രസിഡൻറ് നിർദേശിച്ചു. നിർവഹണ ഉദ്യോഗസ്ഥർമാർ ജാഗ്രതയോടെ പ്രവർത്തിക്കണം. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. നിർവഹണ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനെ പ്രസിഡൻറ് വിമർശിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ഉദ്യോഗസ്ഥർ തയാറാവണമെന്ന് പ്രസിഡൻറ് ആവശ്യപ്പെട്ടു.

യോഗത്തിൽ കോർപറേഷൻ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, ആസൂത്രണ സമിതി അംഗം അജിത്ത് മാട്ടൂൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date