Skip to main content

അന്താരാഷ്ട്ര ബധിര ദിനാചരണം 2026: മാനാഞ്ചിറയില്‍ 'മൊഴി' സൗഹൃദ മത്സരവേദി ഒരുക്കി ജില്ലാ ഭരണകൂടം

അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായി ലോക ബധിര ദിനമായ സെപ്റ്റംബര്‍ 27-ന് (നാളെ) ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ സ്‌ക്വയറില്‍ 'മൊഴി' സൗഹൃദ മത്സരവേദി സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചിന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

കേള്‍വിക്ക് അപ്പുറമുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, ആംഗ്യഭാഷ പ്രോത്സാഹിപ്പിക്കുക, പൊതുയിടങ്ങളിലും പൊതുസേവന രംഗങ്ങളിലും ബഹുമുഖ ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഒരുപോലെ പ്രാപ്യവുമായ സാമൂഹിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ വിഭിന്നമായ ആശയവിനിമയ രീതികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഇത് വഴിവെക്കും.

കോഴിക്കോടിനെ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'സഹമിത്ര' സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗഹൃദ മത്സരത്തില്‍, കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥികളും ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന രണ്ടുപേരടങ്ങുന്ന മിശ്ര ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

date