അഞ്ചാം പനി: കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാം
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യം
ജില്ലയിൽ അഞ്ചാം പനി (മീസിൽസ്) റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബംഗ്ലാദേശിലും അയൽ ജില്ലയിലും അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമാണിത്. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാം. വാക്‌സിൻ എടുക്കാത്തവരിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ലക്ഷണങ്ങൾ
ശക്തമായ പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ, ശരീരത്തിൽ ചുവന്ന പാടുകൾ, വായിൽ ചുവപ്പ്. രോഗബാധയേറ്റ് 10-14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. രോഗബാധിതരായ കുട്ടികളെ സ്കൂളിലോ അങ്കണവാടിയിലോ അയക്കരുത്.
പ്രതിരോധ കുത്തിവെപ്പ് പ്രധാനം
വൈറൽ രോഗമായതിനാൽ മീസിൽസിന് പ്രത്യേകം ചികിത്സകളൊന്നുമില്ല. രോഗലക്ഷണങ്ങൾക്കാണ് ചികിത്സ നൽകുന്നത്. എന്നാൽ, വാക്സിനേഷനിലൂടെ പൂർണ്ണമായി തടയാൻ സാധിക്കുന്ന രോഗമാണിത്. കുഞ്ഞ് ജനിച്ച് ആദ്യ ഡോസ് ഒൻപത് മുതൽ 12 മാസത്തിനുള്ളിലും രണ്ടാം ഡോസ് 16 മുതൽ 24 മാസത്തിനുള്ളിലും നല്‍കണം.രണ്ട് ഡോസ് മീസല്‍സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.
എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ച് വയസ് വരെ വാക്സിൻ എടുക്കാം.എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭ്യമാണ്.
Yours Faithfully,
- Log in to post comments