കൃഷിവകുപ്പ് 100 ദിന കർമ്മപരിപാടി: ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 6-ന്
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കൃഷിവകുപ്പ് പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 6-ന് രാവിലെ 10-ന് ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. ഫാമിലെ ഹൈടെക് നെൽവിത്ത് ഗോഡൗണിന്റെ നിർമ്മാണ പൂർത്തീകരണം, 7 ജില്ലകളിലെ പാടശേഖരങ്ങളുടെ ജി.ഐ.എസ്. മാപ്പിംഗ് പൂർത്തിയാക്കൽ എന്നിവയുടെ ഉദ്ഘാടനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി ബ്ലോക്ക് തല കർഷകമേളയും ഇതോടൊപ്പം നടക്കും.
രാഷ്ട്രീയ കൃഷി വികാസ് യോജന വഴി 75 ലക്ഷം രൂപ ചെലവഴിച്ചാണ് 100 മെട്രിക് ടൺ സംഭരണശേഷിയുള്ള ഹൈടെക് നെൽവിത്ത് ഗോഡൗൺ നിർമ്മിച്ചത്. സ്ട്രെസ്സ്-ലെസ് റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഗോഡൗണിൽ ഫൗണ്ടേഷൻ II ഇനത്തിൽപ്പെട്ട ഉമ നെൽവിത്ത് സുരക്ഷിതമായി സംഭരിക്കാം. കൂടാതെ, പോളിഹൗസ്, മഴമറ, മിസ്റ്റ് ചേംബർ, മെഷിനറി യാർഡ്, സംരക്ഷണഭിത്തി, കനാൽ നവീകരണം എന്നിവയ്ക്കായി 85.56 ലക്ഷം രൂപയുടെ പ്രവർത്തികളും പൂർത്തിയാക്കി.
കതിർ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കാർഷിക ഭൂവിവരങ്ങൾ ലഭ്യമാക്കുന്നതിനായി 49 ലക്ഷം രൂപ ചെലവിലാണ് ഏഴ് ജില്ലകളിലെ പാടശേഖരങ്ങളുടെ ജി.ഐ.എസ്. മാപ്പിംഗ് പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആലത്തൂർ എം.എൽ.എ. ടി.എം. ശശി (ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു (വൈസ് ചെയർമാൻ), പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. അറുമുഖപ്രസാദ് (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു
- Log in to post comments