ലോക പേവിഷബാധ ദിനം ആചരിച്ചു
'ഒരുമിച്ച് കൂടുതല്‍ ശക്തരായി റാബിസ് വിമുക്ത കേരളത്തിലേക്ക് ഏകാരോഗ്യം ഏക പ്രതിബദ്ധത' എന്ന സന്ദേശവുമായി ലോക പേവിഷബാധ ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, കേരളശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം കേരളശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെബിന് റഹ്മാന് അധ്യക്ഷത വഹിച്ചു.
കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുഭാഷ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ധന്യ, പാലക്കാട് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുജിത്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. എം. രാധാകൃഷ്ണന്, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. മൈനാവതി, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിസിമോന്‍ തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. എന്‍. ലത, വെറ്ററിനറി സര്ജന് ഡോ. ബോബിത സ്റ്റാന്‍ലി എന്നിവര്‍ ക്ലാസുകളെടുത്തു. ചടങ്ങിന് മുന്നോടിയായി നടന്ന വിളംബര റാലി ഡോ. ഗീതു മരിയ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.
റാബിസ് വാക്സിന് വികസിപ്പിച്ച ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബര്‍ 28-നാണ് ദിനാചരണം നടക്കുന്നത്. മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകണമെന്നും ഉടനടി വാക്സിന് എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
- Log in to post comments