ലോക ഹൃദയദിനം: ജില്ലാതല സി.പി.ആര്. പരിശീലനം സംഘടിപ്പിച്ചു
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു. മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി കോര്പ്പറേഷന് കൗണ്‍സിലര്‍ ഹരീഷ് പൊറ്റങ്ങാടി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുജാത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനകീയാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സി പി സജ്ന, ടെക്നിക്കല്‍ അസിസ്റ്റന്റ് സി രാജന്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ എന്നിവര്‍ സംസാരിച്ചു.
നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് ജെ അഭിലാഷ് നയിച്ച പരിശീലന ക്ലാസ്സില്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ 53 പേര് പങ്കെടുത്തു. ജില്ലാതലത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അതത് ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തുടര്‍പരിശീലനങ്ങള്‍ നല്‍കും. സെപ്റ്റംബര്‍ 29 ആണ് ലോക ഹൃദയദിനമായി ആചരിക്കുന്നത്. 'ഒരു ഹൃദയമിടിപ്പും നഷ്ടമാക്കരുത്' (Don't Miss a Beat) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന വിവിധ അസുഖങ്ങളെയാണ് പൊതുവായി ഹൃദ്രോഗങ്ങള്‍ എന്ന് വിളിക്കുന്നത്. രക്തധമനീ രോഗങ്ങള്‍, ഹൃദയതാള വ്യതിയാനങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. പുകവലി, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പ്, അന്നജം, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക, പഴവര്‍ഗങ്ങളും ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക എന്നിവയിലൂടെ ഹൃദ്രോഗം പ്രതിരോധിക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കുകയും വേണം. കൂടാതെ മാനസിക പിരിമുറുക്കം തിരിച്ചറിഞ്ഞ് ലഘൂകരിക്കാനുള്ള വഴികള്‍ തേടണമെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു
- Log in to post comments